ജസ്റ്റിസ് എൻ വി രമണ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ന്യൂഡെൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി.രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്ത്യയുടെ നാൽപ്പത്തിയെട്ടാമത്തെ ചീഫ് ജസ്റ്റിസായ എൻ.വി.രമണയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആന്ധ്രാപ്രദേശിലെ കർഷക കുടുംബത്തിൽ ജനിച്ച എൻ.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014ൽ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

ജമ്മു കശ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചത് പുന:പരിശോധിക്കണം എന്ന് നിർദേശിച്ച സുപ്രീംകോടതി ബെഞ്ചിലും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ആർടിഐ നിയമത്തിന് കീഴിൽ വരുമെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് രമണ അംഗമായിരുന്നു.

1957 ആഗസ്റ്റ് 27ന് ജനിച്ച അദ്ദേഹത്തിന് 2022 ആഗസ്റ്റ് 26 വരെ സർവ്വീസ് ബാക്കിയുണ്ട്. ആർ.എഫ്. നരിമാനാണ് രമണക്ക് ശേഷം സുപ്രിം കോടതിയിലെ മുതിർന്ന ജഡ്ജ്. അദ്ദേഹം ഈ ആഗസ്റ്റ് 12ന് വിരമിക്കും. ജസ്റ്റിസ് യു. ലളിതാണ് അടുത്ത സീനിയർ. അദ്ദേഹത്തിന് 2022 നവംബർ എട്ട് വരെ സർവ്വീസ് ബാക്കിയുണ്ട്.