തിരുവനന്തപുരം: ഒരു വിഭാഗം ആളുകൾ തന്നെ കടുത്ത ഇസ്ലാം വിരുദ്ധനായി ചിത്രീകരിക്കുന്നതിന്റെ കാരണങ്ങൾ നിരത്തി പി സി ജോർജ്. 1980 മുതൽ 2019 വരെ അന്യസമുദായത്തിൽ നിന്നും ഇസ്ലാം സമൂഹത്തിന് ഏറ്റവും സ്വീകാര്യനായ ജനപ്രതിനിധിയായിരുന്ന താൻ എന്ന കാര്യത്തിൽ സംശയമില്ല. അതുതന്നെയാണ് ഈ നാട്ടിലെ മതേതരത്വം തകർത്ത് ഏതു വിധേനയും മതസംഘടന വളർത്തണമെന്ന് ആഗ്രഹിക്കുന്ന ജിഹാദി സംഘടനകൾക്ക് മുമ്പിലെ കരടായി താൻ മാറാൻ കാരണമെന്നും പി സി ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.
പി.സി.ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാനെന്ന ഇസ്ലാം വിരുദ്ധൻ…..
സമകാലികമായി സാമൂഹ്യമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഒന്ന് പരതിയാൽ ആർക്കും തോന്നാവുന്ന ഒരു സംശയമാണ്,ഇത് വിശദീകരിക്കാതിരിക്കാൻ കഴിയില്ല. ഒരു സമുദായത്തിലെ ചിലർ ചെയ്യുന്ന ജിഹാദി പ്രവർത്തനങ്ങൾ ആ സമൂഹത്തെ അപ്പാടെ ബാധിക്കുകയും, ആ സമൂഹത്തിന്റെ മുഴുവൻ പ്രശ്നമായി ചിത്രീകരിച്ച് തങ്ങൾ സമൂഹത്തിൽ അപമാനിക്കപ്പെട്ടു എന്ന ചിന്താഗതി വളർത്തി, രാഷ്ട്രീയ ചിന്തകൾക്കപ്പുറം, അവരെ മുഴുവനായി മത ചിന്തയിലേക്ക് തള്ളിവിടുന്ന ഒരു പ്രതിഭാസമാണ് ജിഹാദി സംഘടനകൾ തങ്ങൾക്ക് വേരോട്ടം ഉണ്ടാക്കുവാൻ ആദ്യം ചെയ്യാറുള്ളത്. അത് ഒരു പക്ഷേ കേരളത്തിൽ അവർ ആദ്യം പരീക്ഷിച്ചത് ഈരാറ്റുപേട്ടയിൽ ആയിരിക്കും. അതുകൊണ്ട് ഇത്തരം പ്രവണതകളെ മുളയിലേ നുള്ളുക എന്നത് ഇത് തുടങ്ങിവച്ച നാടിന്റെ ജനപ്രതിനിധി എന്ന നിലയിൽ എന്റെ കടമയാണ്. ഈ കൊറോണയുടെ കാലത്ത് ഞാനിത് പറയുന്നത് ഈ പ്രവണത കൊറോണയേക്കാൾ ഈ നാടിന് അപകടകാരിയാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരുപക്ഷേ എന്നെക്കാളും ഞാൻ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് ഇവിടുത്തെ ജിഹാദി സംഘടനകളാണ്. എന്നാൽ മാത്രമേ ഞാൻ വിരുദ്ധത പറഞ്ഞ് വർഗീയത വളർത്താൻ അവർക്ക് കഴിയൂ.
നിങ്ങൾ ചിന്തിക്കുക….. കടുത്ത ഇസ്ലാം വിരോധി ആയി ഈ കൂട്ടർ ചിത്രീകരിക്കുന്ന ഞാൻ എന്നെങ്കിലും നബി(സ)യെയും,പരിശുദ്ധ ഖുർആനെയും നിന്ദിച്ചിട്ടുണ്ടോ?.പിന്നെ എവിടെയാണ് കുഴപ്പം….. 1980 മുതൽ 2019 വരെ അന്യ സമുദായത്തിൽ നിന്നും ഇസ്ലാം സമൂഹത്തിന് ഏറ്റവും സ്വീകാര്യനായ ജനപ്രതിനിധി ഞാനായിരുന്നു എന്നത് എനിക്ക് ഒരു സംശയവുമില്ലാതെ പറയാൻ കഴിയും. അതുതന്നെയാണ് ഈ നാട്ടിലെ മതേതരത്വം തകർത്തു ഏതു വിധേനയും മതസംഘടന വളർത്തണമെന്ന് ആഗ്രഹിക്കുന്ന ജിഹാദി സംഘടനകൾക്ക് മുമ്ബിലെ കരടായി ഞാൻ മാറിയതും. ആദ്യം അവർ എന്നെ കൂടെ നിർത്താൻ ശ്രമിക്കുകയും, എന്നെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ അവർ നടത്തിയ അഭിമന്യുവിന്റെ ഉൾപ്പെടെയുള്ള കൊലപാതകങ്ങളെയും, ജിഹാദി പ്രവർത്തനങ്ങളെയും ഞാൻ എതിർത്തപ്പോൾ മുതൽ എനിക്കെതിരെയുള്ള വർഗീയ പ്രചരണങ്ങൾ ആരംഭിച്ചിരുന്നു. ആ സാഹചര്യത്തിലാണ് ശബരിമല ആചാര ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി ഉണ്ടാകുന്നത്.
മതേതരത്വത്തിന്റെ ഈറ്റില്ലമായ എരുമേലിയിൽ വിശ്വാസ സംരക്ഷണ സത്യാഗ്രഹം സംഘടിപ്പിച്ചുകൊണ്ട് ഈ വിഷയത്തിൽ ആദ്യമായി എതിർപ്പ് പ്രകടിപ്പിച്ചതും പ്രകടമായ പ്രക്ഷോഭ പരിപാടിയുമായി രംഗത്തെത്തിയതും ഞാനായിരുന്നു. നാസ്ത്വികനായ പിണറായി ഭൂരിപക്ഷ സമുദായത്തിനോട് ഇത് ചെയ്താൽ നാളെ ഇവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെയും ഇത് ആവർത്തിക്കുമെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് എല്ലാ മത വിഭാഗത്തിലെയും പുരോഹിതരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത്. പക്ഷേ ആ പ്രക്ഷോഭത്തെ പോലും മേൽപ്പറഞ്ഞ സംഘടനകൾ മറ്റൊരു തരത്തിൽ ആയിരുന്നു കണ്ടതെന്ന് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി.
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ എന്റെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം യുഡിഎഫിന് പിന്തുണ അറിയിച്ച് ഞാൻ കത്തുനൽകി,എന്നാൽ എന്നെയും എന്റെ പ്രസ്ഥാനത്തെയും അപമാനിക്കുന്ന സമീപനമാണ് യുഡിഎഫ് നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ഈ സമയത്ത് എന്നോടൊപ്പം ശബരിമല സമരത്തിൽ ശക്തമായി നിലകൊണ്ട ശ്രീ. കെ.സുരേന്ദ്രൻ പിന്തുണ ആവശ്യപ്പെട്ടപ്പോൾ ഞാൻ അദ്ദേഹത്തെ പിന്തുണ അറിയിച്ചു. എന്നാൽ അതിനെ വർഗീയപരമായി ചിത്രീകരിച് ഞാനെടുത്ത ഒരു രാഷ്ട്രീയ തീരുമാനത്തെ എനിക്കെതിരെയുള്ള ഒരായുധമായി ഉപയോഗിച്ച് ജുമുഅ നമസ്ക്കാരത്തിന് ഈരാറ്റുപേട്ടയിലെ ഭൂരിഭാഗം പള്ളികളിലും എനിക്കെതിരെ ഫത്വ(വിലക്ക്) പുറപ്പെടുവിച്ചുകൊണ്ട് പ്രസംഗം നടന്നു.
വിവാഹം, ഉദ്ഘാടനങ്ങൾ, മരണാനന്തര ചടങ്ങുകൾ, എന്തിന് ഞാൻ ഉണ്ടാക്കിയ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ചടങ്ങുകൾക്ക് പോലും അവർ എനിക്ക് വിലക്കേർപ്പെടുത്തി. നാലു പതിറ്റാണ്ടായി ഞാൻ നെഞ്ചിൽ കൊണ്ടുനടന്ന ഒരു സമൂഹം എന്നോട് എടുത്ത ഈ സമീപനം എനിക്ക് ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ടിൽ ഞാനും എന്റെതായ ശൈലിയിൽ പ്രതികരിച്ചു എന്നത് സത്യം തന്നെയാണ്. അതിനു ഞാൻ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ന് എന്നെ അലട്ടുന്നത് ഇതൊന്നുമല്ല കേരളത്തിലെ മതേതര രാഷ്ട്രീയ പാർട്ടികളുടെ തീരുമാനങ്ങളിൽ പോലും ജിഹാദി സംഘടനകളുടെ സ്വാധീനം പ്രകടമായി കാണാൻ കഴിയുന്നു. പാർട്ടികളുടെ സ്ഥാനാർത്ഥി നിർണയത്തിൽ പോലും പ്രകടമായ സ്വാധീന ശക്തിയായി ഇവർ മാറുന്നു. “ലൗ ജിഹാദ്” വിഷയത്തിൽ പോലും പല നേതാക്കന്മാരുടെയും മലക്കംമറിച്ചിൽ നമ്മൾ കണ്ടതാണ്. അധികാരത്തിലെത്താൻ ജിഹാദി സംഘടനകളുടെ പിന്തുണ നേടാൻ പരസ്പരം ചെളി വാരിയെറിയുന്ന മുന്നണി നേതൃത്വങ്ങളെ നാം ഈ തിരഞ്ഞെടുപ്പിൽ കണ്ടു. ഇത്തരക്കാരുടെ വോട്ട് വേണ്ട എന്ന് തുറന്നുപറയാൻ ഞാൻ അല്ലാതെ, മറ്റാരെയും കണ്ടില്ല.
ഈ നാട് എങ്ങോട്ടാണ്… അത് മനസ്സിലാകണമെങ്കിൽ നാം ഒന്നു തിരിഞ്ഞു നോക്കണം..
1992 ഡിസംബർ 6 ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസം ഇന്ത്യയൊട്ടാകെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാവുകയും, പല സംസ്ഥാനങ്ങളിലും വലിയ വർഗീയലഹളകളും,കലാപങ്ങളും,കൂട്ടക്കൊലകളും നടന്നു. കേരളത്തിലാണ് താരതമ്യേന ഏറ്റവും ശാന്തമായ പ്രതിഷേധങ്ങൾ ഉണ്ടായത്. അതിനുള്ള പ്രധാന കാരണം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ശക്തമായ നിലപാട് സ്വീകരിച്ചു എന്നതാണ്. ആരും പ്രകോപിതരാകരുതെന്നും,സംയമനം പാലിക്കണമെന്നും പാർട്ടിയുടെ പരമോന്നത നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് കേരളത്തിൽ വലിയ കലാപങ്ങളോ, കൂട്ടക്കൊലയോ നടക്കാതിരുന്നത്.
എന്നാൽ അന്ന് തങ്ങൾ കൈക്കൊണ്ട ഈ നിലപാടിന് ലീഗിനുള്ളിൽ തന്നെ എതിർപ്പുണ്ടായിരുന്നു. മുസ്ലിംലീഗ് യു.ഡി.എഫ് വിടണമെന്നും, കരുണാകരൻ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്നും പാർട്ടിക്കുള്ളിൽ ആവശ്യമുയർന്നു. ഈ തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു കൊണ്ടാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ഇന്ത്യൻ നാഷണൽ ലീഗ് രൂപീകരിച്ചത്. അതുപോലെ അബ്ദുൾ നാസർ മദനിയുടെ പി.ഡി.പി ഉണ്ടാകുന്നതും ഈ നിലപാടിന് എതിരായാണ്.
‘മുസ്ലിംലീഗ് മറുപടി പറയണം’ എന്ന മഅ്ദനിയുടെ ഓഡിയോ കാസറ്റ് അന്ന് പതിനായിരക്കണക്കിനാണ് വിറ്റുപോയത്. ഇത് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല വളരെ പ്രകോപനപരമായ പ്രസംഗമാണ് മഅ്ദനി അതിൽ നടത്തിയത്. പക്ഷേ ഇസ്ലാം സമൂഹം മുസ്ലിം ലീഗിന്റെ മിതവാദ സമീപനത്തിന് ഒപ്പംനിന്നു. സമാധാനവും, ശാന്തിയുമാണ് രാജ്യത്തിന് ആവശ്യം അല്ലാതെ കലഹവും കലാപവുമല്ല എന്ന് തങ്ങൾ പറഞ്ഞു. പാർട്ടി കമ്മിറ്റിയിൽ നമ്മൾ ഈ നിലപാട് സ്വീകരിച്ചാൽ പാർട്ടിയിൽ ഇനി അധികം ആളുകൾ ഉണ്ടാവില്ല എന്ന ഒരു അഭിപ്രായത്തോട് ‘ഉണ്ടാകുന്ന അത്ര ആളുകൾ മതിയെന്ന’ മറുപടിയാണ് തങ്ങൾ നൽകിയത്. തങ്ങളുടെ ഈ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു. ബാബരി വിഷയത്തിൽ മാത്രമല്ല പൂന്തുറയിൽ വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെ ആദ്യം ഓടിയെത്തിയത് തങ്ങളായിരുന്നു.
പെരിന്തൽമണ്ണ ക്ഷേത്രത്തിലെ ഗോപുരം സമൂഹവിരുദ്ധർ കത്തിച്ചപ്പോൾ അവിടെയും സമാധാന ദൂതനായി എത്തിയതും, ഹിന്ദുമത വിശ്വാസികളെ ആശ്വസിപ്പിച്ചതും, അക്രമത്തെ ശക്തമായി അപലപിച്ചതും തങ്ങളായിരുന്നു. രാഷ്ട്രീയമായി മറ്റു പല വിധത്തിൽ എതിർപ്പുകൾ ഉണ്ടായിട്ടും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മരിച്ചപ്പോൾ ദേശാഭിമാനിയും, ജന്മഭൂമിയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖപ്രസംഗമെഴുതി.
1982- ൽ ആലപ്പുഴയിൽ നബിദിന ആഘോഷങ്ങൾക്കിടയിൽ വെടിവെപ്പുണ്ടായി പിറ്റേന്ന് സംസ്ഥാന ബന്ദ് പ്രഖ്യാപിക്കപ്പെട്ടു.സി എച്ച് മുഹമ്മദ് കോയയും,പാണക്കാട് തങ്ങളും സമാധാനം കൈവിടരുത് എന്ന് ശക്തമായ ആഹ്വാനം നടത്തി.
മുസ്ലിം ലീഗിന് ശക്തിയുള്ള വടക്കൻ കേരളത്തിൽ ഹർത്താൽ സമാധാനപരമായിരുന്നപ്പോൾ തെക്കൻ കേരളത്തിൽ വലിയ ലഹളകൾ ഉണ്ടായി, സാമൂഹ്യവിരുദ്ധർ തിരുവന്തപുരത്ത് അഴിഞ്ഞാടി, ചാല കമ്ബോളം കത്തിക്കപെട്ടു. അന്നുവരെ മതേതരത്വത്തിന്റെ ഈറ്റില്ലമായിരുന്ന അനന്തപുരി ഈ ഒറ്റ സംഭവത്തോടെ വലിയ സാമുദായിക ധ്രുവീകരണത്തിലേക്ക് മാറിയതായി പിൽക്കാല രാഷ്ട്രീയം പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും.ജിഹാദി സംഘടനകളും അവരുടെ പ്രവർത്തനങ്ങൾ ഈ നാടിന്റെ മതേതരത്വത്തിന് ദോഷം മാത്രമേ വരുത്തൂ എന്ന് സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് മേല്പറഞ്ഞ സംഭവങ്ങൾ ഇവിടെ വിശദീകരിച്ചത്.
എന്റെ ചോദ്യം ഇവിടെയാണ് ഇന്ന് ഇത്തരത്തിലൊരു വർഗീയ പ്രശ്നം ഉടലെടുത്താൽ ആർക്ക് രക്ഷിക്കാനാവും ഈ നാടിനെ…….
ആദരിക്കേണ്ടവരെ ആദരിക്കാനും , സ്നേഹികെണ്ടവരെ സ്നേഹിക്കാനും ,എതിർക്കേണ്ടവരെ എതിർക്കാനും എനിക്ക് നന്നായി അറിയാം…നെല്ലും പതിരും വേർതിരിച്ച്, ഈ നാടിനെ കാക്കുക എന്ന എന്റെ ദൗത്യം തുടരുക തന്നെ ചെയ്യും