തിരുവനന്തപുരം: ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്പര്യമുള്ള പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ നാട്ടിൽ തിരിച്ചെത്തിക്കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളത്തിനു ലഭിച്ചു.
മന്ത്രിസഭാ യോഗത്തില്‍ പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിക്കും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സംസ്ഥാനത്ത് മടങ്ങിയെത്തുന്നവരെ ജില്ലാ അടിസ്ഥാനത്തിൽ ക്വാറന്റയിൻ ചെയ്യാനാണ് തീരുമാനം. ജില്ലകളിൽ ശരാശരി 2000 പേർക്ക് ക്വാറന്റയിൻ സൗകര്യമൊരുക്കാൻ നേരത്തേ തന്നെ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കൂടുതൽ പേരെ ക്വാറൻറയിൻ ചെയ്യുമെന്നാണ് സൂചന. ഇതിനായി ഹോട്ടലുകളും സ്കൂളുകളും ഒരുക്കാനും നീക്കമുണ്ട്. ആലപ്പുഴയിൽ വഞ്ചിപ്പുരകളിൽ 500 പേരുടെ കൊറോണ വാർഡ് ഒരുക്കുന്നുണ്ട്.
അതേസമയം, ഗൾഫിൽ കൊറോണ ബാധിതരുടെ എണ്ണം 18,000 കടന്നു. ആറു ഗൾഫ് രാജ്യങ്ങളിലുമായി 133 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുഎഇയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അടുത്ത രണ്ട് ആഴ്ച നിർണായകമാകുമെന്നാണ് വിലയിരുത്തൽ.