ഓക്‌സിജന്‍ ദൗര്‍ലഭ്യം; ഡെല്‍ഹിയില്‍ 25 കൊറോണ രോഗികള്‍ മരിച്ചു; രാജ്യ തലസ്ഥാനം ഭീതിയുടെ കരിനിഴലിൽ; ശേഷിക്കുന്നത് രണ്ട് മണിക്കൂർ ഉപയോഗത്തിനുള്ള ഓക്‌സിജന്‍

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്ത് എങ്ങും ഭയവും ഭീകരതയും. കൊറോണ വ്യാപനം അതിശക്തമായിരിക്കെ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഡെല്‍ഹിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. ഗംഗാറാം ആശുപത്രിയിലെ ദാരുണ സംഭവമാണ് പുറത്തു വന്നിരിക്കുന്നത്.

ഇനി രണ്ട് മണിക്കുറിലേക്ക് മാത്രമുള്ള ഓക്‌സിജനാണ് അവശേഷിക്കുന്നതെന്നും അറുപത് രോഗികളുടെ നില സങ്കീര്‍ണമാണെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. മറ്റ് ആശുപത്രികളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. രോഗികൾ ചികിൽസയ്ക്കായി തലങ്ങും വിലങ്ങും ഓടുകയാണ്.

‘വെന്റിലേറ്ററുകളും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഐസിയുവുകളിലും എമര്‍ജന്‍സിയിലും മാനുവല്‍ വെന്റിലേഷനെ ആശ്രയിക്കുന്നു. വലിയ പ്രതിസന്ധി സാധ്യതയുണ്ട്. അപകടസാധ്യതയുള്ള 60 രോഗികളുടെ ജീവിതത്തിന് അടിയന്തിര ഇടപെടല്‍ ആവശ്യമാണ്, ”ഗംഗാറാം ആശുപത്രി ഡയറക്ടര്‍ മെഡിക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഡെല്‍ഹിയിലെ മികച്ച സ്വകാര്യ ആശുപത്രികളിലൊന്നായ ഗംഗാ റാം ആശുപത്രിയില്‍ അഞ്ഞൂറിലധികം കൊറോണ രോഗികള്‍ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ദ്ധിച്ചുവരുന്ന കൊറോണ കേസുകള്‍ക്കിടയില്‍ നിരവധി ആശുപത്രികള്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഓക്‌സിജന്‍ വിതരണത്തിലെ പ്രതിസന്ധി ഉയര്‍ത്തി കാണിക്കുന്നു.

“എന്റെ ഭാര്യ മരിച്ചുപോകും. ദയവായി അവള്‍ക്ക് ചികിൽസ നൽകൂ “

‘എന്റെ ഭാര്യ മരിച്ചുപോകും. ദയവായി അവള്‍ക്ക് ചികിൽസ നൽകൂ, ഞാൻ കാല് പിടിക്കാം. ഒരിടത്തും കിടക്കയില്ലെന്നാണ് പറയുന്നത്. തറയിൽ കിടത്തിയെങ്കിലും ചികിൽസിക്കാൻ അനുവദിക്കണം. എങ്ങനെയാണ് ഞാൻ അവളെ മരണത്തിന് വിട്ടുകൊടുക്കുക?’ലോക് നായക് ജയ് പ്രകാശ് ആശുപ്രതി പരിസരത്തു നിന്ന് അസ്‍ലം ഖാൻ ചോദിക്കുന്നു.

ഡെൽഹിയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആശുപത്രികള്‍ എല്ലാം തന്നെ നിറഞ്ഞു കവിഞ്ഞതോടെ പല ആശുപത്രികൾക്കു മുന്നിലും കാണുന്നത് കരളലിയിക്കുന്ന ദൃശ്യങ്ങളാണ്. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്.

അസ്‍ലം ഖാൻ ഭാര്യ റൂബി ഖാനു(30)മായി നിരവധി ആശുപത്രികളാണ് കയറി ഇറങ്ങിയത്. വാഹനങ്ങൾ ഒന്നും ലഭ്യമല്ലാത്തതിനാൽ ബൈക്കിലാണ് ഭാര്യയുമായി ആശുപത്രി തോറും യാത്ര ചെയ്യുന്നത്. ഒരിടത്തും പ്രവേശനം കിട്ടാതെ വന്നതോടെ പ്രധാന കൊറോണ ചികിത്സാ കേന്ദ്രമായ ലോക് നായക് ജയ് പ്രകാശ് ആശുപ്രതി പരിസരത്തു നിന്ന് നിലവിളിക്കുകയാണ് അസ്‍ലം ഖാൻ .