ജയിലിലേക്ക് മയക്കുമരുന്ന് കടത്ത്; പൂച്ചയെ പൊലീസ് ‘അറസ്റ്റ് ചെയ്തു’

കരീബിയ: ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയ പൂച്ചയെ പൊലീസ് കൈയോടെ പിടികൂടി. പനാമ സിറ്റിയുടെ വടക്ക് കരീബിയൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന കോളണിലെ ന്യൂസ എസ് പെരൻസ ജയിലേക്കാണ് പൂച്ച മയക്കുമരുന്ന് കടത്തിയത്‌. 1700 തടവുകാരുള്ള ഇവിടുത്തെ ചില തടവുകാര്‍ക്കായിട്ടാണ് കൊക്കെയ്‌നും കഞ്ചാവും പൂച്ചയുടെ ശരീരത്തിലെ ചെറിയ തുണി സഞ്ചിയിലാക്കി കടത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. പൂച്ചയുടെ കഴുത്തിന് ചുറ്റുമായിട്ടാണ് തുണിസഞ്ചി കെട്ടിയിരുന്നത്.

പൂച്ചയിൽ നിന്ന് പിടിച്ചത് കഞ്ചാവ്, ക്രാക്ക്, കൊക്കെയ്‌ൻ എന്നീ ലഹരി വസ്‌തുക്കളാണെന്നാണ് റിപ്പോർട്ട്. ഭക്ഷണം കാട്ടിയാണ് തടവുകാർ പൂച്ചയെ ആകർഷിച്ചിരുന്നത്. പൂച്ചയെ മൃഗങ്ങളുടെ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പ്രോസിക്യൂട്ടറായ എഡ്വാഡോ റോഡ്രഗ്വേസ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും ഏറ്റെടുക്കാൻ എത്തുന്നതുവരെ പൂച്ച ദത്തെടുക്കൽ കേന്ദ്രത്തിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ജയിലിന് പുറത്തുള്ള ആളുകളാണ് ലഹരിവസ്‌തുക്കൾ പൂച്ചയുടെ ശരീരത്തിൽ കെട്ടിവച്ചതെന്നാണ് റിപ്പോർട്ടുകൾ.