അമേരിക്കയിലെ ഫുഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ കമ്മിഷണർ സ്ഥാനത്തേക്ക് അമേരിക്കൻ ഇന്ത്യൻ വംശജ ഗായത്രി റാവുവും

വാഷിങ്ടൻ ഡിസി: ജോ ബൈഡൻ ഭരണ കൂടത്തിന്റെ സുപ്രധാന വിഭാഗമായ ഫുഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ കമ്മിഷണർ സ്ഥാനത്തേക്കു പരിഗണിക്കുന്ന പേരുകളിൽ അമേരിക്കൻ ഇന്ത്യൻ വംശജ ഗായത്രി റാവുവിനു മുൻഗണന.

എഫ്ഡിഎയിൽ മുൻപു പ്രവർത്തിച്ചിരുന്ന ഗായത്രി റോക്കറ്റ് ഫാർമസി കൂട്ടൽസിന്റെ വൈസ് പ്രസിഡന്റും, ഗ്ലോബൽ പ്രോഡക്‌ട് ഹെഡുമായാണു പ്രവർത്തിച്ചുവരുന്നത്. ഈ പരിചയമാണ് ബൈഡൻ ഇവരെ എഫ്ഡിഎ കമ്മീഷണറായി നിയമിക്കുമെന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

അമേരിക്കയിലെ ഓർഫൻ പ്രോഡക്റ്റ്‌സ് ഡവലപ്പ്‌മെന്റ് ഓഫിസ് ഡയറക്ടറായും ഗായത്രി പ്രവർത്തിച്ചിട്ടുണ്ട്. എഫ്ഡിഎ ഓഫ് ചീഫ് കോൺസുൽ ഓഫിസ് അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന ഗായത്രി ലോയർ എന്നനിലയിൽ വിദഗ്ദ നിയമോപദേശങ്ങൾ നൽകിയിട്ടുണ്ട്.

വാഷിങ്ടൻ ലോ ഫേമിലെ അറ്റോർണിയായിട്ടാണ് ഗായത്രി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പെൻസിൽവാനിയ ലോ സ്‌കൂളിൽ നിന്നും നിയമ ബിരുദവും പെൻസിൽവാനിയ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്ന് ബയോഎത്തിക്‌സിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. 2021 ജനുവരി 20 മുതൽ എഫ്ഡിഎ ആക്ടിംഗ് കമ്മീഷനറായി ജാനറ്റ് വുഡലോക്കാണ് ചുമതല വഹിക്കുന്നത്.