ഡെൽഹിയിൽ ഓക്‌സിജൻ നൽകിയില്ല; ഓക്‌സിജൻ കമ്പനിക്ക് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ നോട്ടിസ്

ന്യൂഡെൽഹി: ഡെൽഹി സർക്കാർ ആവശ്യപ്പെട്ട ഓക്‌സിജൻ നൽകാതിരുന്ന ഓക്‌സിജൻ ഉദ്പാദക കമ്പനിയായ ഇനോക്‌സിന് ഡെൽഹി ഹൈക്കോടതി കോടതി അലക്ഷ്യ നോട്ടിസ് അയച്ചു. ഡെൽഹി സർക്കാരുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച്‌ 140 മെട്രിക് ടൺ ഓക്‌സിജൻ ഡെൽഹി സർക്കാരിന് നൽകണമെന്ന് ഏപ്രിൽ 19ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഡെൽഹി സർക്കാരിന്റെ കൗൺസൽ അഡ്വ. രാഹുൽ മേത്ത കഴിഞ്ഞ ദിവസം ഇനോക്‌സ് ഹൈക്കോടതി ഉത്തരവനുസരിച്ച്‌ ഓക്‌സിജൻ നൽകിയില്ലെന്നും ഡെൽഹി സംസ്ഥാനത്ത് ഓക്‌സിജൻ ദൗർലഭ്യം രൂക്ഷമാണെന്നും കോടതിയെ അറിയിച്ചു. പ്രതിദിനം 700 മെട്രിക് ടൺ ഓക്‌സിജനാണ് സംസ്ഥാനത്ത് ആവശ്യം. ഇതനുസരിച്ചാണ് ജസ്റ്റിസ്സുമാരായ വിപിൻ സംഘി, രേഖ പള്ളി തുടങ്ങിയവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ച് ഇനോക്‌സിന് നോട്ടിസ് അയച്ചത്.

ഇ മെയിൽ വഴിയാണ് കമ്പനിക്ക് നോട്ടിസ് അയച്ചിട്ടുള്ളത്. തൊട്ടടുത്ത ദിവസം കമ്പനിയുടെ ഉത്തരവാദപ്പെട്ടവരായ ഉടമയോ മാനേജിങ് ഡയറക്ടറോ നേരിട്ട് ഹാജരാവണമെന്ന് കോടതി നിർദേശിച്ചു.

ഉത്തർപ്രദേശിൽ നിന്ന് ഡെൽഹിയിലേക്ക് ഓക്‌സിജൻ അയയ്ക്കാൻ കഴിയാത്തത് ക്രമസമാധാനപ്രശ്‌നം കൊണ്ടാണെന്നാണ് കമ്പനി നൽകിയ വിശദീകരണം. അടുത്ത ദിവസം യുപിയിലെ ചീഫ് സെക്രട്ടറിയോടും കോടതിയിൽ ഹാജരാവാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് ഏപ്രിൽ 22ന് വീണ്ടും പരിഗണിക്കും.