കടക്കെണിയിൽ നിന്നും കരകയറാനാകാതെ സകുടുംബം ആത്മഹത്യചെയ്യാന്‍ പദ്ധതിയിട്ടെന്ന് സനുമോഹൻ

കൊച്ചി: കടക്കെണിയിൽ നിന്നും കരകയറാന്‍ കഴിയാതെ വന്നതോടെ സകുടുംബം ആത്മഹത്യചെയ്യാന്‍ പദ്ധതിയിട്ടെങ്കിലും കൂട്ടയാത്മഹത്യയ്ക്കില്ലെന്ന നിലപാടായിരുന്നു ഭാര്യക്കെന്ന് സനുമോഹൻ്റെ വെളിപ്പെടുത്തല്‍. വിവാഹശേഷം ഏറെക്കാലത്തിനു ശേഷമാണ് മകള്‍ പിറന്നത്. മകളായിരുന്നു തനിക്കെല്ലാം. താന്‍ സ്വയംമരിച്ചാല്‍ മകള്‍ ഒറ്റപ്പെട്ടുപോവും. ഭാര്യയുടെ സംരക്ഷണം വൈഗക്ക് ലഭിക്കില്ലെന്നറിയാവുന്നതു കൊണ്ടാണ് മകളെ കൊല്ലാന്‍ തീരുമാനിച്ചത്.

കൈവലയത്തിനുള്ളിലാക്കി ശക്തമായി ഞെരിച്ചും, വായയും മൂക്കും പൊത്തിപ്പിടിച്ചും ശ്വാസംമുട്ടിച്ചുമാണ് മകളെ കൊന്നത്. മരിച്ചെന്ന് കരുതി പുതപ്പിപ്പിച്ച് തോളിലിട്ട് ഫ്‌ലാറ്റില്‍ നിന്നിറങ്ങി കാറില്‍ കയറ്റിയത് വിജനമായ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു. ജീവനുണ്ടെന്ന് തോന്നിയതോടെ മരണമുറപ്പാക്കാന്‍ മുട്ടാര്‍ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് സനു മൊഴി നല്‍കിയത്.

ഭാര്യയുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നും ഇയാള്‍പറയുന്നു. സദാസമയവും സമൂഹമാധ്യമങ്ങളിലായിരുന്നു ഭാര്യയുടെ ശ്രദ്ധ. പലവട്ടം താക്കീത് ചെയ്തിട്ടും അനുസരിക്കാന്‍ ഭാര്യ തയ്യാറായില്ലെന്നും, ഭാര്യയുടെ ബന്ധുക്കളോട് ഇക്കാര്യം താന്‍ പറഞ്ഞിരുന്നെന്നും ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ സനു വ്യക്തമാക്കിയിരുന്നു.

അതേസമയം തന്റെ പേരില്‍ വാങ്ങിയ ഫ്‌ലാറ്റ് സമ്മതം വാങ്ങാതെ വില്പന നടത്തി 10ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയതും, 40 പവനോളം സ്വര്‍ണം പണയപ്പെടുത്തി പന്ത്രണ്ട് ലക്ഷത്തോളം രൂപ തരപ്പെടുത്തിയതും അറിയിച്ചിരുന്നില്ലെന്ന് ഭാര്യ രമ്യ പോലീസിനോട് പറഞ്ഞിരുന്നു. രണ്ടു പേരെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യംചെയ്യല്‍ ഉണ്ടാവും. അതിനുശേഷം പല നിര്‍ണായക തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചേക്കുമെന്നാണ് സൂചന.