കോഴിക്കോട്: പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നു കെ.എം.ഷാജി എംഎൽഎ.
പണം കൊടുത്തിട്ടുണ്ടെങ്കിൽ അത് ചോദിക്കാനും അവകാശമുണ്ട്. കൊടുത്താൽ മാത്രം മതിയോ, ചോദിക്കേണ്ട എന്നാണോ നിലപാട്. ലീഗ് പണം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു, പിന്നെ ചോദിക്കുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. എം.കെ. മുനീർ എംഎൽഎയുടെ വീട്ടിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ നിധിയിലെ പണം നേർച്ചപ്പെട്ടിടിയിൽ ഇടുന്ന പൈസയല്ല. സർക്കാരിന് കൊടുക്കുന്ന പൈസയാണ്. അതേ പറ്റി ചോദിക്കുന്നതാണോ തെറ്റെന്ന് ഷാജി ചോദിച്ചു. ദുരിതാശ്വാസ ഫണ്ട് വകമാറ്റുന്നെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ഷാജിയെ മുഖ്യമന്ത്രി ഇന്നലെ വിമർശിച്ചിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു ഷാജി.
കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു എല്ലാവരും പണം നൽകണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച കെ.എം.ഷാജിക്കു മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകിയിരുന്നു. ഷാജിയുടെ പ്രസ്താവന അമ്പരപ്പുളവാക്കിയെന്നും ഒരു പൊതുപ്രവർത്തകനിൽനിന്നു പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകളല്ല അതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചു.
‘ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്ത ചരിത്രമുണ്ട്. ദുരുതാശ്വാസ നിധിയിൽനിന്ന് ഒരു ഇടതുപക്ഷ എംഎൽഎയ്ക്കും സിപിഎം നേതാവിനും പണം നൽകി. 25 ലക്ഷം രൂപയാണ് കൊടുത്തത്. അവരുടെ പേര് തൽക്കാലം പറയുന്നില്ല. മുഖ്യമന്ത്രിയെ പോലെ ആൾക്കാരെ ആക്ഷേപിക്കാനല്ല പത്രസമ്മേളനം നടത്തുന്നത്. ശമ്പളമില്ലാത്ത എംഎൽഎയായിട്ടും പണം നൽകി. ചിലവിന്റെ പണം കൊടുത്തെങ്കിൽ മനസിലാക്കാം. പക്ഷേ ബാങ്കിലെ കടം വീട്ടാനാണ് പണം കൊടുത്തത്. മുഖ്യമന്ത്രി ഇന്നലെ ചോദിച്ചു ദുരിതാശ്വാസ നിധിയിലെ പണം ഇങ്ങനെയൊക്കെ ചിലവഴിക്കാവോ എന്ന്. ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്.