കൊച്ചി: വൈഗയെന്ന 13കാരിയുടെ കൊലപാതകത്തിന്റെ വിശദ കാരണങ്ങള്‍ കണ്ടെത്താനായി മാതാപിതാക്കളായ സനുമോഹനനെയും ഭാര്യ രമ്യയേയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യും. രമ്യയോടും ബന്ധുക്കളോടും നാളെ (ചൊവ്വാഴ്ച ) കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യം രമ്യയെ ഒറ്റയ്ക്കും പിന്നീട് ഇരുവരെയും ഒരുമിച്ചിരുത്തിയുമായിരിക്കും ചോദ്യം ചെയ്യല്‍.
വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സനുമോഹന്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ദുരൂഹത നിറഞ്ഞതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നിവയുടെ സ്ഥിരീകരണത്തിനാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
പോലീസ് കസ്റ്റഡിയില്‍ ലഭിച്ച സനുവിനെ കങ്ങരപ്പടിയിലെ ഫ്‌ളാറ്റ്, മുട്ടാര്‍ പുഴ, കൊല്ലൂര്‍, കാര്‍വാര്‍ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.പിടിയിലാകുമ്പോള്‍ സനുമോഹന്റെ കൈയില്‍ നയാപൈസയിലായിരുന്നു. അതിനകം മൂന്നു സംസ്ഥാനങ്ങളില്‍ ഇയാള്‍ കറങ്ങുകയും ചെയ്തു. ഇയാള്‍ തന്റെ കാര്‍ കോയമ്പത്തൂരില്‍ 50000 രൂപയ്ക്ക് വിറ്റിരുന്നു. മൂന്നു സംസ്ഥാനങ്ങളിലൂടെയാണ് കഴിഞ്ഞ 28 ദിവസമായി സനു യാത്ര ചെയ്തത്. ഇതിനായി പണം ചെലവിടേണ്ടിവന്നിരുന്നു. കുറച്ചു തുക പോക്കറ്റടിച്ചുപോകുകയും ചെയ്തു. കാര്‍ വാങ്ങിയയാളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏതാനും നാള്‍ മുമ്പ് സനു മോഹന്‍ കാക്കനാട്ടെ ഫ്‌ളാറ്റ് വിറ്റിരുന്നതായും പോലീസ് പറഞ്ഞു. ഭാര്യയുടെ പേരിലുള്ളതായിരുന്നു ഫ്‌ളാറ്റ്. 10 ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങുകയും ചെയ്തിരുന്നു. ഈ പണവും എന്തിനാണ് ചെലവിട്ടതെന്ന് വ്യക്തമായിട്ടില്ല. തന്നെ പിടികൂടാതിരിക്കാന്‍ തന്ത്രപൂര്‍വമായിരുന്നു പ്രതി നീങ്ങിയിരുന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്നത് പോലീസിന് തിരിച്ചടിയായി. താന്‍ എവിടെപ്പോയാലും പിടികൂടാതിരിക്കാനായി തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാന്‍ ഇയാള്‍ ശ്രദ്ധിച്ചിരുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.
പോലീസുകാര്‍ നേരിട്ട് ഇതര സംസ്ഥാനത്ത് പോയി അന്വേഷിക്കേണ്ട സാഹചര്യമുണ്ടായി. കേരളത്തില്‍ നിന്നുപോയ ടീമിന് സൈബര്‍ സഹായം കിട്ടാതിരിക്കാന്‍ കഴിവതും പ്രതി മൊബൈല്‍ ഉപയോഗിച്ചിരുന്നില്ല. ഇതുമൂലം ടവര്‍ ലൊക്കേഷനുകളൊന്നുംപോലീസിന് ഗുണപ്പെട്ടിരുന്നില്ല. പൊതു ഗതാഗതത്തെയാണ് പ്രതി കൂടുതലായും ആശ്രയിച്ചിരുന്നത്. മാര്‍വാഡികളുമായി സ്വര്‍ണം, പണം ഇടപാടുകള്‍ ഉണ്ടായിരുന്നതായി പ്രാഥമികമായി ലഭിച്ച സൂചനകളില്‍ ഇല്ല. എന്നാല്‍, ചെറുതും വലുതുമായ തുക നാട്ടിലുള്ളവര്‍ക്ക് കൊടുക്കാനുണ്ടായിരുന്നു. മാര്‍ച്ച് 22 നായിരുന്നു നാട്ടിലുള്ളവര്‍ക്ക് തുകകൊടുക്കാമെന്ന് ഏറ്റിരുന്നത്. എന്നാല്‍, അതിനു കഴിഞ്ഞില്ല.
വൈഗയെ ദേഹത്തോട് ചേർത്ത് നിർത്തി ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് സനു മോഹൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ സനു ആരെയെങ്കിലും ഭയപ്പെട്ടിരുന്നോ എന്നും, കൊലപാതകത്തിന് പ്രേരണയായി ആരെങ്കിലുമുണ്ടായിരുന്നോ എന്നും ഇനിയും പരിശോധിക്കേണ്ടതുണ്ട്. സനു മോഹൻ പറയുന്ന മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്നും, പലതും ഒളിക്കാൻ ശ്രമിക്കുകയാണെന്നും സനു നയിച്ചിരുന്നത് തീർത്തും രഹസ്യജീവിതമാണെന്നും സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കുന്നു.
മകളെക്കുറിച്ച് ചോദിക്കുമ്പോള്‍ ചിലപ്പോഴൊക്കെ വാചാലനാവും. വൈഗ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അതിസമര്‍ത്ഥയാണെന്ന് സനു പൊലീസിനോട് പറഞ്ഞു. 13 വയസില്‍ കവിഞ്ഞ ബുദ്ധിയും വൈഭവവും അവള്‍ക്കുണ്ടായിരുന്നു. അവളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ താന്‍ പലപ്പോഴും കുഴങ്ങിയിരുന്നു.
വൈഗയുടെ പ്രായത്തിലുള്ള കുട്ടികള്‍ ചിത്രശലഭത്തെയും പൂക്കളെയും പറ്റി പറയുമ്പോള്‍ എയറോസ്‌പേസിനെയും റോക്കറ്റിനെയും പറ്റി ഒക്കെയാണ് വൈഗ സംസാരിച്ചിരുന്നതെന്ന് ഫ്ലാറ്റിലെ താമസക്കാര്‍ മൊഴി നല്‍കിയിരുന്നു. സാങ്കേതിക കാര്യങ്ങളില്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നതു കൊണ്ടുതന്നെ ഫ്ലാറ്റിലെ ടെക്കികളായ താമസക്കാർക്ക് അടക്കം വൈഗയെ വലിയ മതിപ്പായിരുന്നു. നൃത്തത്തിലും കലാരംഗത്തും ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ച വൈഗ ഒരു സിനിമയിലും ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഇവയൊക്കെ തന്റെ കൂടി താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സനു മോഹന്‍ പൊലീസിനോട് പറഞ്ഞു.
മകളോടുള്ള അമിതസ്‌നേഹം ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ഇയാളെ എത്തിച്ചതായാണ് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പൊലീസിന് വ്യക്തമാകുന്നത്. മകളുമായി ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചെങ്കിലും സ്വന്തം മരണത്തെ ഇയാള്‍ വല്ലാതെ ഭയക്കുന്നതായി പൊലീസ് പറയുന്നു. വൈഗയെ പുഴയിലെറിഞ്ഞ ശേഷം പുഴയിലേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും ഭയം നിമിത്തം കൈകാലുകള്‍ കുഴഞ്ഞു. സംഭരിച്ചു വന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നതോടെ കാറെടുത്തു യാത്ര ആരംഭിക്കുകയായിരുന്നു.
പണത്തിന്റെ വിനിയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇയാള്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ നല്‍കുന്നതായി പൊലീസ് വ്യക്തമാക്കുന്നു. മകള്‍ മരിച്ച ദുഃഖത്തിലുള്ള ഒരാള്‍ ഗോവയിലെ കാസിനോയില്‍ പണം വെച്ച് എങ്ങിനെ ചൂതു കളിക്കുമെന്ന ചോദ്യത്തിനും ഉത്തരം മൗനമായിരുന്നു.
പൊതു ഇടങ്ങളില്‍ നിന്നുള്ള സാന്നിധ്യം ഇല്ലാതാക്കാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആറുവര്‍ഷം മുമ്പ് ഡി-ആക്ടീവേറ്റ് ചെയ്തിരുന്നു. പാസ്‌പോര്‍ട്ട് കാലാവധി നാലുവര്‍ഷം മുമ്പ് കഴിഞ്ഞു. കങ്ങരപ്പടിയിലെ ഫ്ലാറ്റിലെ ജീവിതം ബന്ധുക്കളും സുഹൃത്തുക്കളും അറിയാതിരിക്കാന്‍ ഇയാള്‍ പരമാവധി ശ്രമിക്കുകയും ചെയ്തു.
മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട സനു മോഹനെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കര്‍ണാടകത്തിലെ കാര്‍വാര്‍ ബീച്ചില്‍ നിന്നും പിടികൂടിയത്. കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 29 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.