തിരുവനന്തപുരം : ലോക് ഡൗൺ സമയത്തെ ഹോസ്റ്റൽ ഫീസ് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
ലോക്ക്ഡൗണിൽ വീടുകളിലേക്ക് മടങ്ങാനാകാതെ നിരവധി വിദ്യാർത്ഥികളാണ് ഹോസ്റ്റലുകളിൽ കുടുങ്ങി കിടക്കുന്നത്. ഇവരിൽ നിന്ന് ലോക്ക് ഡൗൺ കാലത്തെ ഫീസ് വാങ്ങരുതെന്ന് സർക്കാർ ഉത്തരവിട്ടു.
സർവകലാശാലകൾ, സർക്കാർ എയ്ഡഡ് സ്വകാര്യ കോളജുകൾ, എഞ്ചിനിയറിംഗ് കോളജുകൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 23 മുതൽ മേയ് 15 വരെയുള്ള ഫീസ് വാങ്ങരുതെന്നാണ് ഉത്തരവ്. ലൈബ്രറി പുസ്തകങ്ങളുടെ പിഴയും ഇതിനൊപ്പം ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലിയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥ വന്നവർക്ക് വീട്ടുവാടകയുടെ കാര്യത്തിലും സർക്കാർ ഉത്തരവുകൾ പ്രഖ്യാപിച്ചിരുന്നു. തുറക്കാത്ത കടമുറികളിൽ നിന്ന് വാടക വാങ്ങരുതെന്നും സർക്കാർ ഉത്തരവിട്ടിരുന്നു. സ്കൂൾ ഫീസുകളും ഇപ്പോഴേ വാങ്ങേണ്ട എന്നും സർക്കാർ ഉത്തരവ് ഇട്ടിരുന്നു.