കൊറോണ രണ്ടാം തരംഗം; ശ്വാസതടസ്സം അനുഭവപ്പെട്ടവർ കൂടി; യുവാക്കളും കുട്ടികളുമല്ല കൂടുതൽ രോഗബാധിതരാകുന്നതെന്ന് ഡോ. ബൽറാം ഭാർഗവ

ന്യൂഡെൽഹി: രണ്ടാം തരംഗത്തിൽ മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടവരുടെ എണ്ണം കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. എന്നാൽ രാജ്യത്തെ കൊറോണ രണ്ടാംതരംഗത്തിൽ രോഗ ലക്ഷണങ്ങളുടെ തീവ്രത ആദ്യ തരംഗത്തെ അപേക്ഷിച്ച് തീരെ കുറവാണെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പറഞ്ഞു. ആദ്യ തരംഗത്തിൽ വരണ്ടചുമ, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളായിരുന്നു കൂടുതലായും പ്രകടമായിരുന്നത്.

കൊറോണ രണ്ടാം തരംഗത്തിൽ യുവാക്കളും കുട്ടികളുമാണ് കൂടുതൽ രോഗബാധിതരാകുന്നതെന്ന വാദവും അദ്ദേഹം തള്ളി. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിൽ രോഗബാധിതരായവരിൽ 70 ശതമാനവും 40 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. കൊറോണ ബാധിതരായ ചെറുപ്പക്കാരുടെ എണ്ണത്തിൽ നേരിയ വർധന മാത്രമാണുള്ളത്. ആദ്യ തരംഗത്തിൽ കൊറോണ ബാധിച്ചവരുടെ ശരാശരി പ്രായം 50 വയസ്സായിരുന്നു. രണ്ടാം തരംഗത്തിൽ ഇത് 49 വയസ്സാണ്. രണ്ടാം തരംഗത്തിലും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടേണ്ടി വരുന്നത് കൂടുതലും പ്രായമായവർക്ക് തന്നെയാണ്.

0-19 വരെയുള്ള പ്രായക്കാരിൽ ആദ്യ തരംഗത്തിലെ രോഗബാധാ നിരക്ക് 4.2ശതമാനവും രണ്ടാം തരംഗത്തിൽ 5.8 ശതമാനവുമാണ്. 20-40 വരെ പ്രായമുള്ളവരിൽ ആദ്യ തരംഗത്തിൽ 23 ശതമാനവും രണ്ടാം തരംഗത്തിൽ 25 ശതമാനവുമാണ് രോഗബാധാനിരക്ക്. നേരിയ വ്യത്യാസം മാത്രമേ ഇതിലുള്ളൂ. രോഗബാധിതരിൽ 70 ശതമാനത്തിൽ അധികം പേരും നാൽപ്പതോ അതിനു മുകളിലോ പ്രായമുള്ളവരാണെന്നും ഡോ. ബൽറാം ഭാർഗവ പറഞ്ഞു.