തൃശൂർ പൂരത്തിന് പൊതുജനങ്ങൾക്ക് പ്രവേശനമില്ല; ചമയ പ്രദർശനമില്ല, സാമ്പിൾ വെടിക്കെട്ടിലും നിയന്ത്രണം; പൂരം ചടങ്ങായി മാത്രം നടത്തും

തൃശൂർ: തൃശൂർ പൂരത്തിന് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പൂരം ചടങ്ങായി മാത്രം നടത്തും. ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. പൂരപ്പറമ്പിൽ ഇത്തവണ സംഘാടകർ മാത്രം മതിയെന്നും കാണികൾ വേണ്ടെന്നുമാണ് തീരുമാനമായത്.
പൊതുജനങ്ങളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യം കൊറോണ വ്യാപന സാഹചര്യത്തിൽ തള്ളികൊണ്ടാണ് ഇത്തരമൊരു തീരുമാനം.

ഈ വർഷം പൂരം ചമയപ്രദർശനം ഉണ്ടാവില്ല. ഇത്തവണ സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേ ഉണ്ടാകൂ. ഈ മാസം 24 ന് പകൽപ്പൂരം വേണ്ടെന്ന് വച്ചു. കുടമാറ്റത്തിൻ്റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്പിൽ സംഘാടകർ മാത്രമേ ഉണ്ടാകൂ. അവിടേക്ക് കാണികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

പൂരപ്പറമ്പിൽ പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ എടുക്കിരിക്കണം. മാദ്ധ്യമ പ്രവർത്തകർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. അതേസമയം, ഘടകപൂരവും മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും നടക്കും.

പൂരം നടത്തിപ്പിൻ്റെ ചുമതല, ഡിഎംഒ, കമ്മീഷണർ, കളക്ടർ എന്നിവർക്കാണ് നൽകിയിരിക്കുന്നത്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സമ്മതമെന്നാണ് പാറമേക്കാവ് ദേവസ്വം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം അന്തിമനിലപാട് യോഗം ചേർന്ന് തീരുമാനിക്കാമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു.

ദൃശ്യ, നവ മാധ്യമങ്ങളുടെ സഹായത്തോടെ ദേശക്കാർക്ക് തൽസമയം പൂരം കാണാൻ അവസരം ഒരുക്കും. ആളുകൾ തിങ്ങി നിൽക്കുന്ന അവസ്ഥ ഒഴിവാക്കിയാൽ കൊറോണ വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം തില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉൽക്കൊള്ളിച്ചുകൊണ്ട് മേളം നടത്താം എന്ന തീരുമാനം ദേവസ്വങ്ങൾ കൈകൊണ്ടിരിക്കുന്നത്.