സദാചാര ഗുണ്ടായിസ ഭീഷണി മുഴക്കി പണം തട്ടിപ്പ്; സന്നദ്ധ പ്രവർത്തകൻ ജെയ്സലിനെതിരേ കേസ്

മലപ്പുറം: യുവാവിനും യുവതിക്കുമെതിരേ സദാചാര ഗുണ്ടായിസ ഭീഷണിമുഴക്കി പണം തട്ടിയതിന് സന്നദ്ധപ്രവർത്തകൻ ജെയ്സലിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രളയകാലത്ത് ഹീറോ പരിവേഷം ലഭിച്ച സന്നദ്ധപ്രവർത്തകനായ ജെയ്സലും മറ്റൊരാളും പ്രതികളാണെന്നും ഇവർ ഒളിവിൽ പോയിരിക്കുകയാണെന്ന് താനൂർ സി.ഐ. ജീവൻ ജോർജ് പറഞ്ഞു.

ഏപ്രിൽ 15-നായിരുന്നു കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ കാറിലെത്തിയ യുവാവിനെയും യുവതിയെയുമാണ് ജെയ്സലും സുഹൃത്തും ഭീഷണിപ്പെടുത്തിയത്. ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജെയ്സൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിൾ പേ വഴി ജെയ്സലിന് 5000 രൂപ നൽകി. ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു. ഇതിനുശേഷമാണ് ഇവർ പോലീസിൽ പരാതി നൽകിയത്.

2018-ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിലൂടെയാണ് ജെയ്സൽ വാർത്തകളിലിടം നേടിയത്. പ്രളയത്തിൽ കുടുങ്ങിയവരെ വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്താനായി സ്വന്തം ശരീരം ചവിട്ടുപടിയായി നൽകിയ ജെയ്സലിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.