ചികിൽസയിലുള്ളവർക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കും; വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

ന്യൂഡെല്‍ഹി: കൊറോണ വ്യാപനത്തെ തുടർന്ന് ചികിൽസയിലുള്ളവർക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ഒന്‍പത് തെരഞ്ഞെടുത്ത വ്യാവസായിക കേന്ദ്രങ്ങള്‍ ഒഴികെയുള്ളവയെ ആണ് നിരോധിച്ചത്. ഏപ്രില്‍ 22 മുതല്‍ തീരുമാനം നടപ്പില്‍ വരും. എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കും ഇക്കാര്യം കാണിച്ച്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്തയച്ചു.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി ഓക്‌സിജന്‍ ലഭിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് മുന്നില്‍ കണ്ടുകൂടിയാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. നിലവില്‍ ആളുകള്‍ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സേവനം ലഭ്യമാക്കുകയാണ് അജയ് ഭല്ല പറഞ്ഞു.

ഒരു തടസ്സവും നേരിടാത്ത തരത്തില്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഓക്‌സിജന്‍ നിര്‍മാതാക്കളോട് മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്തെ ആശുപത്രികളില്‍ എത്തിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

കേരളത്തിലും ഓക്‌സിജന്‍ ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ. കെ ശൈലജ വ്യക്തമാക്കിയിരുന്നു.