തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ഈടാക്കാനായി ക്ഷാമബത്ത (ഡി.എ) മരവിപ്പിക്കാനും ആലോചന.
ഇപ്പോൾ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനമാണ് ജീവനക്കാരുടെ ക്ഷാമബത്ത. ഇത് അഞ്ചുമാസത്തേക്ക് മരവിപ്പിച്ച് ദുരിതാശ്വാസനിധിയിലേക്ക് മാറ്റാനാണ് ആലോചന. വ്യാഴാഴ്ചചേരുന്ന മന്ത്രിസഭായോഗം ഇത് ചർച്ചചെയ്യുമെന്ന് അറിയുന്നു.
സാലറി ചലഞ്ചിനായി ആരെയും നിർബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, സ്വമേധയാ സംഭാവനയ്ക്കായി അഭ്യർഥിച്ചാൽ എല്ലാ ജീവനക്കാരും സഹകരിക്കില്ല എന്നതിനാലാണ് ക്ഷാമബത്ത മരവിപ്പിക്കുന്നത് ആലോചിക്കുന്നത്. പ്രളയകാലത്തും 40 ശതമാനം ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുത്തിരുന്നില്ല.
അഞ്ചുമാസത്തെ ക്ഷാമബത്ത മരവിപ്പിച്ചാൽ ഒരുമാസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമാവും. പ്രളയകാലത്തെന്നപോലെ സാലറി ചലഞ്ച് ഗഡുക്കളായി സ്വീകരിച്ചാൽ ഒരുമാസത്തെ മൊത്തം ശമ്പളം നൽകേണ്ടിവരും. അതിനാൽ ക്ഷാമബത്ത മരവിപ്പിക്കുന്നതിനോട് കൂടുതൽ ജീവനക്കാർ യോജിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.