തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ആർടി- പിസിആർ പരിശോധന നിർബന്ധമാക്കി.ആർടി- പിസിആർ പരിശോധന നടത്താത്തവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചു.
48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ പരിശോധന നടത്തണം. കേരളത്തിൽ എത്തി ഉടൻ പരിശോധന നടത്തുന്നവർ റൂം ക്വാറന്റൈനിൽ കഴിയണം. കൊറോണ വാക്‌സിൻ എടുത്തവർക്കും ആർടി-പിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഫലം നെഗറ്റീവാണെങ്കിലും കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞദിവസം മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 13,000ലധികം പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലകൾക്ക് സർക്കാർ കൂടുതൽ പണം അനുവദിച്ചു. അഞ്ചുകോടി രൂപ വീതം ജില്ലാ കലക്ടർമാർക്ക് അനുവദിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കഴിഞ്ഞ ദിവസം 13000ലധികം പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്.