തൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പ്രതിഷേധവുമായി ദേവസ്വങ്ങൾ രംഗത്തെത്തിയുട്ടുണ്ട്. പൂരം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നിയന്ത്രണങ്ങളെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു.
പാപ്പാൻമാരെ ആർടിപിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം. രോഗലക്ഷണമുളള പാപ്പാൻമാര്ക്ക് മാത്രം പരിശോധന നടത്തണം. ഒറ്റ ഡോസ് വാക്സിൻ എടുത്തവർക്കും പ്രവേശനം നൽകണം തുടങ്ങിയവയാണ് ദേവസ്വങ്ങളുടെ പ്രധാന ആവശ്യങ്ങൾ.
നാളെ രാവിലെ പത്തരയ്ക്ക് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ഈ ആവശ്യങ്ങൾ അവതരിപ്പിക്കുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു. പുതിയ നിയമങ്ങൾ അടിച്ചേൽപിക്കുന്നത് പൂരം നടത്തിപ്പിനെ ബാധിക്കുമെന്നാണ് ദേവസ്വം ഭാരവാഹികളുടെ ആശങ്ക.
നിയന്ത്രണങ്ങൾക്കിടയിലും പൂരം നടത്തിപ്പുമായി മുന്നോട്ട് പോകാനാണ് ദേവസ്വങ്ങളുടെ തീരുമാനം. അതേസമയം
പൂരത്തിനുള്ള പ്രവേശന പാസ് നാളെ മുതൽ ജനങ്ങൾക്ക് ലഭ്യമാകും. കൊറോണ ജാഗ്രതാ പോർട്ടലിൽ നിന്നും തിങ്കളാഴ്ച രാവിലെ പത്തു മുതൽ ഡൗൺലോഡ് ചെയ്യാവുന്ന തരത്തിലാണ് പാസ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ചാണ് മറ്റ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്.