കൊറോണ രോഗികളെ ചികിൽസിച്ചിരുന്ന ആശുപത്രി​ ഉടമകളും ഡോക്​ടർമാരുമായ അച്ഛനും മകനും കൊറോണ ബാധിച്ച്​ മരിച്ചു

കല്യാൺ: കൊറോണ രോഗികളെയടക്കം ചികിൽസിച്ചിരുന്ന ആശുപത്രി​ ഉടമകളും ഡോക്​ടർമാരുമായ അച്ഛനും മകനും കൊറോണ ബാധിച്ച്​ മരിച്ചു. മഹാരാഷ്​ട്രയിലെ കല്യാണിലാണ് ഇന്ത്യയെ തന്നെ നടുക്കിയ ഈ ദുരന്തം. ഡോ. നാഗേന്ദ്ര മിശ്ര (58), മകൻ ഡോ. സൂരജ് മിശ്ര (28) എന്നിവരാണ്​ മരിച്ചത്​.

നാഗേന്ദ്രയുടെ ജന്മദിനമായ വെള്ളിയാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്​ അച്ഛനും മകനും മരണത്തിന്​ കീഴടങ്ങിയത്​. കൊറോണ രോഗികളെയടക്കം ചികിത്സിച്ചിരുന്ന ഇവർ വാക്​സിൻ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്​തതയില്ല.

കൊറോണയുടെ രണ്ടാംവരവിൽ പകച്ചു നിൽക്കുന്ന മഹാരാഷ്​ട്രയിൽ ഗുരുതര രോഗികൾക്ക്​ പോലും ആശുപത്രിയിൽ കിടക്കകൾ ലഭ്യമല്ലാത്ത അവസ്​ഥയാണ്​. രോഗം മുർച്ഛിച്ച ഡോ. നാഗേന്ദ്രയെ താനെയിലെ വേദാന്ത് ആശുപത്രിയിലും മകൻ സൂരജിനെ​ ഗോരേഗാവിലെ സ്വകാര്യ ആശുപത്രിയിലുമാണ്​ പ്രവേശിപ്പിച്ചത്​. ഇവരുടെ കുടുംബാംഗങ്ങൾ മുഴുവൻ കൊറോണ ബാധിതരാണ്​. ഗുരുതരാവസ്ഥയിലായ നാഗേന്ദ്ര മിശ്രയുടെ ഭാര്യ വസായിയിലെ ആശുപത്രിയിലാണുള്ളത്​.

തിത്​വാലയ്ക്കടുത്തുള്ള ഖദാവലിയിൽ ക്ലിനിക്ക് നടത്തുകയാണ്​ ഡോ. നാഗേന്ദ്ര മിശ്ര. മകൻ സൂരജ്​ ഭിവണ്ടിയിലെ ബാപ്ഗാവിലാണ്​ ക്ലിനിക് നടത്തുന്നത്​. കല്യാൺ ഗാന്ധാരി പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ നവംബറിലാണ്​ സൂരജ്​ വിവാഹിതനായത്​. സഹോദരനും ഡോക്ടറാണ്.

കൊറോണ രണ്ടാം വരവിൽ ഹോട്ട്​ സ്​പോട്ടായ മഹാരാഷ്​ട്രയിൽ സ്ഥിതി അതീവ ഗുരുതരമാണ്​. 67,123 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്​ട്രയിൽ​ കൊറോണ സ്ഥിരീകരിച്ചത്​. 419 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു.

ഇതോടെ മഹാരാഷ്​ട്രയിലെ ആകെ കൊറോണ രോഗികളുടെ എണ്ണം 37,70,707 ആയി ഉയർന്നു. 30,61,174 പേർ രോഗമുക്​തി നേടി. 56,783 പേർക്ക്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്​തിയുണ്ടായി. 81.8 ശതമാനമാണ്​ മഹാരാഷ്​ട്രയുടെ രോഗമുക്​തി നിരക്ക്​. 1.59 ശതമാനമാണ്​ മരണനിരക്ക്​.

6,47,933 പേരാണ്​ നിലവിൽ മഹാരാഷ്​ട്രയിൽ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​. തുടർച്ചയായ രണ്ടാം ദിവസമാണ്​ മഹാരാഷ്​ട്രയിൽ 60,000ത്തിലധികം കൊറോണ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​. കഴിഞ്ഞ ദിവസം 63,000 പേർക്ക്​ മഹാരാഷ്​ട്രയിൽ​ കൊറോണ ബാധിച്ചിരുന്നു.