എയർ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയിൽ ആറു കിലോ സ്വർണം പിടികൂടി

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ മൂന്ന് കോടിയുടെ സ്വർണവേട്ട. എയർ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച ആറ് കിലോ സ്വർണവും ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 244 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഏകദേശം മൂന്ന് കോടിയോളം രൂപ വിലവരുമെന്നാണ് നിഗമനം.

ദുബായിൽ നിന്നെത്തിയ എ.ഐ.906 എയർ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് 6 കിലോ സ്വർണം കണ്ടെടുത്തത്. 30 എഫ് നമ്ബർ സീറ്റിനടിയിൽ പൊതിഞ്ഞ് കെട്ടിയാണ് ആറ് സ്വർണബാറുകൾ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ എയർ ഇന്ത്യ ജീവനക്കാരുടെ പങ്കും അന്വേഷിക്കുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

അതേസമയം ദുബായിൽനിന്ന് മറ്റൊരു വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്ന് 244 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണമിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലാണ് അധികൃതർ കണ്ടെത്തിയത്.