ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതിയുടെ സിസിടിവി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തീരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതിയുടെ സിസി ടി വി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. വലത് കൈയിൽ ടാറ്റു പതിച്ച മോഷ്ടാവിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. പ്രതിയെ കുറിച്ചറിയാവുന്നർ മ്യൂസിയം പൊലീസിന് വിവരം കൈമാറണമെന്ന് അറിയിച്ചിട്ടുണ്ട്.

ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിലായിരുന്നു മോഷണം. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അതീവ സുരക്ഷാമേഖലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവൽ വളർത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലർച്ചെ ഒന്നരക്കും മൂന്നിനുമിടയിലൂമാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം.

ബംഗളൂരുവിലേക്ക് പോകാൻ മകൾ തയ്യാറാക്കി വച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. വീടിന് പുറകിലുള്ള കോറിഡോർ വഴിയാണ് കള്ളൻ അകത്ത് കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ മനസിലാകുന്നതെന്ന് പൊലീസ് അറിയിച്ചു.

ഒരു ജനൽപാളി തുറക്കാൻ കഴിയുമായിരുന്നു. ഇതുവഴിയാണ് കള്ളൻ അകത്ത് കയറിയത്. അടുത്ത വീടുവഴി ഇവരുടെ വീട്ടുവളപ്പിലേക്ക് ചാടിക്കടക്കാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം.