മലപ്പുറം: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ രേഖകളുണ്ടെന്ന് ആവര്‍ത്തിച്ച് കെ എം ഷാജി എം എല്‍ എ. ആവശ്യമായ രേഖകള്‍ വിജിലന്‍സിന് നല്‍കിയിട്ടുണ്ടെന്നും, കൂടുതല്‍ രേഖകള്‍ ഒരാഴ്ചയ്ക്കകം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് കണ്ടെടുത്തത് തിരഞ്ഞെടുപ്പ് ചിലവിനായി പിരിച്ചെടുത്ത പണമാണ്. പൈസ കിട്ടിയത് ക്ലോസറ്റില്‍ നിന്നല്ല. ക്യാമ്പ് ഹൗസിലെ കട്ടിലിനടിയില്‍ നിന്നാണ്. കട്ടില് ക്ലോസറ്റായി ചിലര്‍ക്ക് തോന്നുന്നത് തന്റെ കുഴപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ടെടുത്ത വിദേശ കറന്‍സി മക്കളുടെ ശേഖരത്തില്‍ നിന്നുള്ളതാണെന്നും, പുറത്തുവരുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന്റെ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ എം ഷാജി.
രാവിലെ പത്ത് മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. തൊണ്ടയാടുള്ള വിജിലന്‍സ് ഓഫീസില്‍ വച്ചായിരുന്നു ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ വിജിലന്‍സ് രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു.