ന്യൂഡെൽഹി: മുൻ കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ, ദലിത് ആക്ടിവിസ്റ്റും ഗുജറാത്തിൽനിന്നുള്ള എം.എൽ.എയുമായ ജിഗ്നേഷ് മേവാനി, എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കോൺഗ്രസ് നേതാവ് ദിഗ് വിജയ സിങ് എന്നിവർക്ക് കൊറോണ സ്ഥിരീകരിച്ചു.
നാലു പേരും ട്വിറ്ററിലൂടെയാണ് കൊറോണ ബാധിച്ച വിവരം അറിയിച്ചത്. ചെറിയ ലക്ഷണങ്ങളോടെയാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളില്ലെന്നും എല്ലാവരും മാസ്ക് ധരിക്കണമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. താനുമായി ബന്ധപ്പെട്ടവർ ക്വാറൻറീനിൽ പോകണമെന്ന് രൺദീപ് സിങ് സുർജേവാല ട്വീറ്റിൽ അറിയിച്ചു. ഡെൽഹിയിലെ വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ സിങ് ട്വീറ്റ് ചെയ്തു.
24 മണിക്കൂറിനിടെ രാജ്യത്ത് 2,17,353 പേർക്കാണ് കൊറോണ ബാധിച്ചത്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,69,743 ആയി. 1185 മരണവും സ്ഥിരീകരിച്ചു. മരണ സംഖ്യ 1,74,308 ആയും ഉയർന്നു.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. ഓക്സിജൻ ക്ഷാമവും കിടക്ക സൗകര്യം ഇല്ലാത്തതും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.