കൊറോണ വ്യാപനം; നൂറ് ആശുപത്രികള്‍ക്ക് സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ക്ക് അനുമതി ന്ല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം. നൂറ് പുതിയ ആശുപത്രികള്‍ക്ക് ആണ് ഓക്‌സിജന്‍ പ്‌ളാന്റിനുള്ള സഹായം പി. എം കെയര്‍ ഫണ്ടില്‍ നിന്ന് ലഭിക്കുക.

അതേസമയം കേരളമടക്കമുള്ള പന്ത്രണ്ട് സംസ്ഥാനങ്ങള്‍ക്ക് അടിയന്തിരമായി കൂടുതല്‍ ഓക്‌സിജന്‍ ലഭ്യമാക്കും.മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ദില്ലി, ഛത്തീസ്ഗഡ്, കര്‍ണാടക, കേരളം, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കൊറോണ രൂക്ഷമാകുന്ന സാഹചര്യം മുന്നില്‍ കണ്ടാണിത്.

പല സംസ്ഥാനങ്ങളിലും ഓക്‌സിജന്റെ വിതരണവും ലഭ്യതയും കുറവായിരുന്നു. എന്നാല്‍ ഓക്‌സിജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ലഭ്യത ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 50000 ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2 ലക്ഷത്തിലധികം കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ എട്ട് ദിവസത്തിനിടെയുള്ള ഏഴാമത്തെ പ്രതിദിന റെക്കോര്‍ഡ് വര്‍ദ്ധനവാണിത്