കൊറോണ രണ്ടാം തരംഗം: സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി, പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മാറ്റിവച്ചു

ന്യൂഡെൽഹി: രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊറോണ രണ്ടാംതരംഗത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി.

പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മാറ്റിവച്ചു. സിബിഎസ്‌ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് സിബിഎസ്‌ഇ തീരുമാനം പ്രഖ്യാപിച്ചത്.

വിദ്യാർത്ഥികളുടെ മുൻവർഷത്തെ മാർക്കുകളുടെ അടിസ്ഥാനത്തിലടക്കം കുട്ടികളെ പാസ്സാക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് സിബിഎസ്‌ഇ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

പത്താം ക്ലാസ്സിൽ നിന്ന് പതിനൊന്നാം ക്ലാസ്സിലേക്ക് കുട്ടികളെ എങ്ങനെ പ്രവേശിപ്പിക്കുമെന്ന കാര്യത്തിൽ പിന്നീട് പ്രഖ്യാപനമുണ്ടാകും.
വിദ്യാഭ്യാസത്തിൻറെ ചുമതലയുള്ള മന്ത്രി രമേശ് പൊഖ്‍റിയാലിനെയും സിബിഎസ്‌ഇയിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉന്നതതലയോഗത്തിൽ പ്രധാനമന്ത്രി കണ്ടിരുന്നു.

ഡെൽഹി മുഖ്യമന്ത്രിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സിബിഎസ്‌ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റാൻ തീരുമാനമുണ്ടായത്.