തിരുവനന്തപുരം: മാസങ്ങളായി തമ്പാനൂർ റെയിൽവേ മേൽപാലത്തിന് താഴെ ന്യൂ തിയേറ്ററിന് മുന്നിലായി ഓട പൊട്ടി ഒലിക്കാൻ തുടങ്ങിയിട്ട്. എന്നാൽ അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ച് നാട് റോഡിൽ പായ വിരിച്ച് പ്രതിഷേധിച്ച് രണ്ടു യുവാക്കൾ.
ഇന്നലെ പെയ്ത മഴയിൽ മാലിന്യ പ്രശ്നം കൂടുതൽ രൂക്ഷമായി. മാലിന്യം ഒഴുകിയെത്തി ഓടകൾ അടഞ്ഞതിനെ തുടർന്ന് പലസ്ഥലത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിന് കാരണം അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് രണ്ട് യുവാക്കൾ രംഗത്ത് വന്നു. പക്ഷേ ഇവരുടെ സമരം ജനത്തെ വലച്ചു.
തമ്പാനൂർ റെയിൽവേ മേൽപാലത്തിന് മുകളിൽ പായ വിരിച്ച് സമരം ചെയ്ത യുവാക്കൾ വൻ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. ഇതോടെ തമ്പാനൂർ പൊലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി. തിരുവനന്തപുരം സ്വദേശികളായ വിജി മോൻ (38) അജു (27) എന്നിവരാണ് സമരം ചെയ്തത്. മേയർ എത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറപ്പു നൽകിയാൽ സമരം അവസാനിപ്പിക്കാമെന്നാണ് യുവാക്കൾ പറഞ്ഞത്.
മേയർ എത്തുന്നതു വരെ കാത്തു നിൽക്കാതെ യുവാക്കളെ അവിടെ നിന്നും മാറ്റി ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവാക്കൾക്കെതിരെ പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ നഗരസഭാ അധികൃതർ സമരത്തിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നല്ലൊരു മഴ പെയ്താൽ പിന്നെ തലസ്ഥാന നഗരത്തിന്റെ ഹൃദയമായ തമ്ബാനൂർ വെള്ളത്തിന് അടിയിലാണ്. ഓപ്പറേഷൻ അനന്ത ഉൾപ്പെടെയുള്ള പദ്ധതികൾ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ രൂപം നൽകിയെങ്കിലും ഇപ്പോഴും അവസ്ഥ അതുതന്നെ. അതേസമയം ഇന്നലെ മാലിന്യം നിറഞ്ഞ് അടഞ്ഞ ഓടകൾ വൃത്തിയാക്കാൻ നഗരസഭ നടപടി സ്വീകരിച്ചിട്ടുണ്ട്.