ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിലുള്ള വാക്സിനുകൾക്കും അടിയന്തര അനുമതി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ലോകാരോഗ്യ സംഘടന അനുമതി നൽകിയ എല്ലാ വാക്സിനുകളും ഉപയോഗിക്കാനാണ് തീരുമാനം. കൊറോണ പ്രതിരോധ കുത്തിവയ്പ് വേഗത്തിലാക്കുന്നതിനും കൂടുതൽ പേരിൽ എത്തിക്കുന്നതിനും വേണ്ടിയാണിത്. അഞ്ച് വാക്സിനുകൾക്ക് കൂടി ഉടൻ അംഗീകാരം നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോൺസൺ ആൻഡ് ജോൺസൺ (ബയോ ഇ), സിഡസ് കാഡില, സിറംസിൻറെ നോവാവാക്സ്, ഭാരത് ബയോടെക്കിൽ നിന്നുള്ള നാസൽ വാക്സിൻ എന്നിവയ്ക്കാണ് അനുമതി നൽകിയേക്കുക. മതിയായ അളവിൽ കൊറോണ വാക്സിൻ ലഭിക്കുന്നില്ലെന്ന് പല സംസ്ഥാനങ്ങളും പരാതി ഉന്നയിച്ചിരുന്നു. കൊറോണ ആഞ്ഞടിക്കുന്ന മഹാരാഷ്ട്ര പഞ്ചാബ്, ഡെൽഹി, തെലുങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ആക്ഷേപം ഉയർന്നത്.
റഷ്യയുടെ സ്പുട്നിക് വാക്സിൻ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിജിസിഎ) അനുമതി നൽകിയിരുന്നു. മേയ് ആദ്യം മുതൽ വാക്സിൻ രാജ്യത്ത് വിതരണം ചെയ്യും. ഇന്ത്യയിൽ വിതരണത്തിനെത്തുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്-വി.
91.6 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന സ്പുട്നിക് വാക്സിൻ ഡോ. റെഡ്ഡീസാണ് ഇന്ത്യയിൽ നിർമിക്കുന്നത്. റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് സെൻറർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡിനും കോവാക്സിനുമാണ് നിലവിൽ രാജ്യത്ത് വിതരണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.
രോഗവ്യാപനത്തിൽ ബ്രസീലിനെ പിന്തള്ളി ഇന്ത്യ ലോക രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,35,27,717 പേർക്ക് രോഗ ബാധയുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ കണക്ക്. ബ്രസീലിൽ 1.34 കോടി രോഗബാധിതരാണുള്ളത്. 3,11,97,511 രോഗികളുള്ള അമേരിക്കയാണ് ഒന്നാമത്.
രാജ്യത്ത് കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം കൊറോണ വ്യാപനമുള്ളത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഡ്, ക ർണാടക, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ പ്രതിദിന നിരക്ക് അതിരൂക്ഷമാണ്.