സംസ്ഥാനത്തേക്ക് രണ്ട് ലക്ഷം കോവാക്‌സിനെത്തും

തിരുവനന്തപുരം: കൊറോണ വ്യാപനം അതീതീവ്രമാകുന്നതിനിടെ സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി ഇന്ന് രണ്ട് ലക്ഷം വാക്‌സിനെത്തും. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എത്തിക്കുന്നത്. മൂന്ന് മേഖലകളിലായാണ് മരുന്നുകൾ എത്തിക്കുന്നത്.

തിരുവനന്തപുരം മേഖലകളിൽ 68,000 ഡോസും എറണാകുളം മേഖലയിൽ 78,000 ഡോസും കോഴിക്കോട് മേഖലയിൽ 54,000 ഡോസ് വാക്സിനും വിതരണം ചെയ്യും. 50 ലക്ഷം ഡോസ് കൊറോണ വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധന് കത്തയച്ചിരുന്നു.

കേരളത്തിൻ്റെ ആവശ്യത്തിന് പിന്നാലെയാണ് കൊറോണ വാക്സിൻ അടിയന്തരമായി ലഭ്യമാക്കുന്നത്. അതിനിടെ സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കും. ഇതിന്റെ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറിക്കും. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള കർശന നടപടികൾ മാർഗനിർദേശത്തിലുണ്ടാകും.