കൊറോണ മാനദണ്ഡങ്ങൾ നടപ്പാക്കാനെന്ന പേരിൽ സ്ത്രീകൾക്കടക്കം ക്രൂര മർദ്ദനം; ഹോട്ടലിൽ പോലീസിന്റെ തേർവാഴ്ച

ചെന്നൈ : കൊറോണ മാനദണ്ഡങ്ങൾ നടപ്പിലാക്കാനെന്ന പേരിൽ ഹോട്ടലിൽ പോലീസിന്റെ തേർവാഴ്ച. കോയമ്പത്തൂരിൽ ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മർദിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കോയമ്പത്തൂരിലെ ഗാന്ധിപുരത്തായിരുന്നു പോലീസിന്റെ അതിക്രമം. കൊറോണ മാനദണ്ഡപ്രകാരം തമിഴ്നാട്ടിൽ രാത്രി 11 വരെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാം. എന്നാൽ ഗാന്ധിപുരത്തെ ശ്രീരാജ ഹോട്ടലിൽ ഞായറാഴ്ച രാത്രി 10.20 ന് എത്തിയ എസ്.ഐ മുത്തു കണ്ണിൽ കണ്ടവരെയെല്ലാം ലാത്തികൊണ്ട് അടിച്ചോടിച്ചു.

കടയുടമ മോഹൻരാജ് ഉൾപ്പെടെ നാല് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും പരിക്കുപറ്റി. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോട് നിർദ്ദേശിച്ചു.

കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊറോണ കാലത്ത് അനുവദിനീയമായ സമയത്തിലും അധികം നേരം കടതുറന്നുവെച്ചു എന്ന് പറഞ്ഞാണ് കഴിഞ്ഞ വർഷം തൂത്തുക്കുടിയിൽ ജയരാജിനേയും മകൻ ബെന്നിക്സിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ഇരുവരും ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ടത് സംസ്ഥാനത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.