കോഴിക്കോട്: അധികമായി വാങ്ങിയ ശമ്പളത്തുക 25 ലക്ഷം രൂപ കാലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ എം അബ്ദുൽ സലാമിൽനിന്ന് ഈടാക്കും. കഴിഞ്ഞ മേയ് 15ന് സർവകലാശാല സിൻഡിക്കേറ്റ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.മുസ്ലിം ലീഗ് പിന്തുണയോടെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് എത്തിയ അബ്ദുൽ സലാം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ നിന്ന് എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
അബ്ദുൽ സലാമിന്റെ ഹരജിയിൽ കോടതിവിധിയെ തുടർന്നാണ് സർവകലാശാല കഴിഞ്ഞദിവസം ശമ്പളത്തുക തിരിച്ചുപിടിക്കാൻ ഉത്തരവിറക്കിയത്.
കാർഷിക സർവകലാശാല പ്രഫസറായിരുന്ന സലാം മുഴുവൻ പെൻഷനും കാലിക്കറ്റിൽ വി.സി എന്ന നിലയിലുള്ള ശമ്പളവും ഒരുമിച്ച് വാങ്ങിയതായാണ് കണ്ടെത്തിയിരുന്നത്.