തിരുവനന്തപുരം: തപാൽ വോട്ടിലും ക്രമക്കേടുണ്ടെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ജോലിക്കുണ്ടായിരുന്ന മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥർ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ശേഷവും അവർക്ക് തപാൽ വോട്ടിന് അവസരം ലഭിക്കുന്ന സ്ഥിതിയുണ്ട്. പലരുടെയും വീട്, ഓഫീസ് മേൽവിലാസങ്ങളിലേക്കാണ് തപാൽ വോട്ട് വരുന്നത്. ഇവരെല്ലാം വോട്ട് രേഖപ്പെടുത്തിയാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖമൂലം പരാതി നൽകിയിട്ടുണ്ടെന്നും പരിശോധിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയെന്നും അദ്ദേഹം അറിയിച്ചു. 80 വയസ് കഴിഞ്ഞവരുടെ വോട്ട് വീട്ടിൽ പോയി ശേഖരിച്ചതിലും ക്രമക്കേടുണ്ട്.
ചിലയിടങ്ങളിൽ വോട്ടുകൾ ഉദ്യോഗസ്ഥർ ക്യാരി ബാഗിലാണ് കൊണ്ടുപോയത്. വയോധികർ പലരും അവരുടെ വോട്ട് രേഖപ്പെടുത്തിയ വിവരം അറിഞ്ഞിട്ടില്ല. പലയിടത്തും ക്ഷേമ പെൻഷൻ നൽകി വോട്ട് ചെയ്യിച്ചുവെന്ന പരാതിയും നിലനിൽക്കുന്നുണ്ടെന്നും രമേശം ചെന്നിത്തല വ്യക്തമാക്കി.