സ്പ്രിംഗ്ളർ കരാർ കൊറോണയുടെ മറവിലുള്ള അഴിമതി: പിണറായിക്കെതിരേ ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യ ,വ്യക്തിഗത വിവരങ്ങൾ സ്പ്രിംഗ്ളർ കമ്പനിക്ക് നൽകിയത് കൊറോണയുടെ മറവിൽ നടന്ന വലിയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ വിൽക്കാനുള്ള വലിയ തട്ടിപ്പാണ് സ്പ്രിംഗ്ളർ കമ്പനിയുമായി ബന്ധപ്പെട്ടു നടന്നത്. കമ്പനിക്ക് എതിരെ അമേരിക്കയിൽ കേസുണ്ടെന്നും കരാർ തട്ടിക്കൂട്ടിയതാണെന്നും കമ്പനിയെ ചുമതലയിൽ നിന്ന് ഒഴിവാക്കിയ ഒരു ഉത്തരവും പുറത്തുവന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കുള്ള പങ്കെന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രി കമ്പനി അധികൃതരുമായി സംസാരിച്ചിട്ടുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. ഇതിലൂടെ ഗുരുതര ഡാറ്റാ തട്ടിപ്പിന്റെയും കച്ചവടത്തിന്റെയും വിവരങ്ങളാണ് പുറത്തുവരുന്നത്.
ഐടി സെക്രട്ടറി സ്പ്രിംഗ്ളർ കമ്പനിയുടെ ഏജന്റാണെന്ന് ആരോപിച്ച രമേശ് ചെന്നിത്തല അദ്ദേഹം ചുമതലയിൽ നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. ഇദ്ദേഹം ഓരോ ദിവസവും ഓരോ രേഖകൾ ഉണ്ടാക്കുകയാണ്.

“കൊവിഡ് കാലത്ത് ക്വാറന്റൈനിൽ കഴിയുന്നവരുടെ വിവരങ്ങൾ സ്പ്രിംഗ്ളർ വെബ്സൈറ്റിൽ നൽകണം എന്നായിരുന്നു തദ്ദേശ സ്ഥാപനങ്ങൾക്ക് കിട്ടിയ ഉത്തരവ്. അതിനകത്ത് സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവും കാര്യങ്ങളും നൽകിയിരുന്നു. വിവാദമായപ്പോൾ അത് മാറ്റാൻ തീരുമാനിച്ചു. തിരുത്ത് വന്നെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. സ്പ്രിംഗ്ളർ വെബ്സൈറ്റിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവുണ്ടായിരുന്നു. മാറ്റം വന്നാലും ഇത് പോകുന്നത് സ്പ്രിംഗ്ളർ സർവറിലേക്കാവും.”

“മന്ത്രി എസി മൊയ്തീനും ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിലാർക്കും ഇതേക്കുറിച്ച് അറിയില്ല. സ്പ്രിംഗ്ളർ കമ്പനിയുടെ പരസ്യത്തിൽ നിന്ന് ഐടി സെക്രട്ടറിയുടെ ഫോട്ടോയും വീഡിയോയും പിൻവലിച്ചത് എന്തിനാണ്? സദുദ്ദേശത്തോടെയാണെങ്കിൽ അത് അവിടെ കിടക്കണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പരിശോധിക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതുവരെ മറുപടി ലഭിച്ചില്ല.”

“ഇവർ വെള്ളപ്പൊക്ക കാലത്ത് പ്രവർത്തിച്ചതായി മന്ത്രി മൊയ്തീൻ പറഞ്ഞു. മാധ്യമങ്ങൾക്കും റീബിൽഡ് കേരളയിലെ അംഗമായ എനിക്കും അക്കാര്യം അറിയില്ല. ആ കമ്പനി രഹസ്യമായി എന്താണ് നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കണം. 87 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ കമ്പനിക്ക് കിട്ടി.

“ഈ കമ്പനി വലിയ തട്ടിപ്പ് കേസിൽ നിയമനടപടി നേരിടുന്നുണ്ട്. ഇവരുടെ പങ്കാളികളായ കമ്പനി അവരുടെ ഡാറ്റ തട്ടിയെടുത്തെന്ന് ആരോപിച്ച് 350 കോടിയുടെ കേസ് കൊടുത്തിരിക്കുകയാണ്. ഡാറ്റ തട്ടിപ്പിൽ അമേരിക്കയിൽ രണ്ട് വർഷമായി കേസ് നേരിടുന്ന തട്ടിപ്പ് കമ്പനിയാണ് കേരള സർക്കാരുമായി കരാർ ഉണ്ടാക്കിയത്. കേരളത്തിലെ പാവപ്പെട്ടവരുടെ വിവരങ്ങൾ അവരുടെ സർവറിലേക്ക് പോകുമെന്നും പറയുന്നത് ഗൗരവതരമായ പ്രശ്നമാണ്.”

“കമ്പനി സൗജന്യമായാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ പറയുന്നു. കൊറോണയ്ക്ക് ശേഷം കേരളവുമായി ചർച്ച ചെയ്ത് ഫീസ് തീരുമാനിക്കാം എന്നാണ് ഇതിൽ പറയുന്നത്. ഈ സേവനം സൗജന്യമല്ല. പുറത്തുവിട്ട രേഖകൾ ഇമെയിൽ സന്ദേശങ്ങൾ മാത്രമാണ്. ഈ നടപടിയോട് യോജിക്കാനാവില്ല.”

ഇന്ന് പുറത്തുവിട്ട കരാർ ആരുണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ആരോഗ്യവകുപ്പിലും ഐടി വകുപ്പിലും റവന്യു വകുപ്പിലും രണ്ട് ദിവസമായി അന്വേഷിക്കുകയാണ്. ഇക്കാര്യം ഇവർക്കാർക്കും അറിയില്ല. ഇത് ആരോഗ്യവകുപ്പ് അറിയേണ്ടതല്ലേ, തദ്ദേശ സ്വയംഭരണ വകുപ്പ് അറിയേണ്ടതല്ലേയെന്നും ചെന്നിത്തല ചോദിച്ചു.

“അന്തർദേശീയ കരാറുകൾ ഒപ്പിടുമ്പോൾ വകുപ്പ് മന്ത്രി സെക്രട്ടറിയെ ചുമതലപ്പെടുത്തും. ഇതിന് മുഖ്യമന്ത്രി ഐടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയ ഫയലുണ്ടോ. അങ്ങിനെയില്ലെന്നാണ് അറിഞ്ഞത്. കരാർ പ്രകാരം തർക്കം ഉണ്ടായാൽ കേസ് നൽകാൻ ന്യൂയോർക്കിൽ പോകണം. ഇന്ത്യയിലെ നിയമത്തിന് ബാധകമല്ലാത്ത കരാറാണിത്. കേരളീയരുടെ മൗലികാവകാശം സംരക്ഷിക്കാൻ ന്യൂയോർക്കിൽ പോകേണ്ട സ്ഥിതിയാണ്.”

“വെള്ളിയാഴ്ചയാണ് ഞാൻ ഇക്കാര്യം പറയുന്നത്, പത്താം തീയതി. ഐടി വകുപ്പ് ഇറക്കിയ രേഖകൾ 11,12 തീയതികളിലേതുമാണ്. അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിൽ നിന്ന് ഡാൻ ഹെയ്ലി സുരക്ഷ സംബന്ധിച്ച വിശദീകരണം നൽകിയത് ഞാൻ ആരോപണം ഉന്നയിച്ച ശേഷമാണ്. അവരയച്ച ഇമെയിൽ വിശദീകരണം നിയമപരമായി നിലനിൽക്കുന്നതല്ല.” ഇത് ഞാൻ പറഞ്ഞില്ലായിരുന്നെങ്കിൽ ഡാൻ ഹെയ്ലിയിൽ നിന്ന് ഇവർ ഉറപ്പുവാങ്ങുമായിരുന്നോയെന്നും ചെന്നിത്തല ചോദിച്ചു.

“വ്യക്തിവിവരങ്ങൾ അന്താരാഷ്ട്ര കമ്പനിക്ക് കൈമാറാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ഇതിന് സംസ്ഥാന മന്ത്രിസഭയുടെയും കേന്ദ്ര കാബിനറ്റിന്റെയും അംഗീകാരം വേണം. കരാർ ഒപ്പിടുമ്പോൾ നിയമ വകുപ്പും ആരോഗ്യ വകുപ്പും അറിയണം. അത്തരം അറിയിപ്പ് സംബന്ധിച്ച ഒരു ഫയലും വകുപ്പിൽ ഇല്ല.” ഇത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.