റായ്പൂർ: ഛത്തീസ്ഗഡിൽ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാൻ തയ്യാറെന്ന് മാവോയിസ്റ്റുകൾ അറിയിച്ചതായി വിവരം. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മധ്യസ്ഥരെ സർക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകൾ അറിയിച്ചു. മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നിർത്തിവയ്ക്കണമെന്നാണ് മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സേനാ വിന്യാസം വർധിപ്പിച്ചിരുന്നു.
പരിശോധനകളും ശക്തമാക്കി. ഇതേ തുടർന്നാണ് ചർച്ചയ്ക്ക് തയാറാണെന്ന് മാവോയിസ്റ്റുകൾ അറിയിച്ചിരിക്കുന്നത്. സംഭവ സ്ഥലമായ റായ്പൂർ വന മേഖലയിൽ ഇപ്പോഴും സംഘർഷ സാധ്യത തുടരുകയാണ്.