കണ്ണൂർ: പാനൂരിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മുസ്ലീംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. പുല്ലൂക്കര പാറാൽ മൻസൂർ(22) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹ്സിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് പിറകിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.
കഴിഞ്ഞ ദിവസം രാവിലെ മുതൽ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘർഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘർഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകൾക്കിടയിലായിരുന്നു പ്രശ്നം. 149-ാം നമ്പർ ബൂത്തിലേക്ക് ഓപ്പൺ വോട്ട് ചെയ്യുന്നതിനായി വോട്ടർമാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
വോട്ടെടുപ്പ് തീർന്നതോടെ തർക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരു സംഘം ആളുകൾ മൻസൂർ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടർന്ന് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഇന്ന് യു.ഡി.എഫ്. ഹർത്താലിന് ആഹ്വാനം ചെയ്തു.
വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘർഷത്തിൽ കായംകുളത്തും രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. പുതുപ്പള്ളി 55-ാം നമ്പർ ബൂത്ത് ഏജന്റ് സോമന് ഇന്നലെ അർധരാത്രി വെട്ടേറ്റു. സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം-കോൺഗ്രസ് സംഘർഷമുണ്ടായ കായംകുളത്ത് അഫ്സൽ എന്ന കോൺഗ്രസ് പ്രവർത്തകനും വെട്ടേറ്റിട്ടുണ്ട്. ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു.
പരാജയഭീതിയിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പോലീസ് ഇക്കാര്യം ഗൗരവത്തിലെടുത്ത് അടിയന്തരമായി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.