കാട്ടായിക്കോണത്തെ സംഘർഷത്തിൽ പോലീസിനെതിരെ ഉറഞ്ഞുതുള്ളി കടകംപള്ളി

തിരുവനന്തപുരം: കഴക്കൂട്ടം കാട്ടായിക്കോണത്തെ സംഘർഷത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച്‌ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സഘർഷം തുടർന്നതോടെ പോലീസ് ഇടപെട്ടു. പോലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണോ എന്നും രാജാവിനേക്കാൾ വലിയ രാജഭക്തി പോലീസ് കാണിക്കുകയാണോ എന്നു പരിശോധിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

ഇതിൽ നിരവധി ആളുകളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഘർഷം വോട്ടിംഗ് സ്തംഭിപ്പിക്കാൻ വേണ്ടിയാണെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. കാട്ടായിക്കോണത്ത് രാവിലെ സിപിഎം-ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതാണ് വൈകുന്നേരവും സങ്കർഷത്തിലേക്കു നയിച്ചത്. കാറിലെത്തിയ ബിജെപി പ്രവർത്തകർ സിപിഎം പ്രവർത്തകരെ ആക്രമിച്ചു.

ആക്രമണത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകർ സഞ്ചരിച്ച വാഹനവും അക്രമികൾ തല്ലിത്തകർത്തു. ഇതിൽ പോലീസ് ഇടപെടുകയും നിരവധി ആളുകളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

എന്നാൽ പോലീസ് ആക്രമിച്ചതും കസ്റ്റഡിയിൽ എടുത്തതും അക്രമികളെയല്ലെന്നും പ്രദേശവാസികളെയാണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.