റായ്പൂർ: ഛത്തീസ്ഗഢിലെ ബീജപൂരിലുണ്ടായ മാവോയിസ്റ്റ്- സേന ഏറ്റുമുട്ടൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ മാവോയിസ്റ്റുകൾ നടത്തിയ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു. തുറസ്സായ സ്ഥലത്ത് എത്തിയ ജവാന്മാരുടെ നേരെ മൂന്ന് വശത്ത് നിന്നും വളഞ്ഞ മാവോയിസ്റ്റുകൾ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. അത്യാധുനിക മെഷീൻ ഗണുകളുമായായിരുന്നു മാവോയിസ്റ്റുകളുടെ വരവ്.
ശനിയാഴ്ച നടന്ന ആക്രമണത്തിൽ ആദ്യം അഞ്ച് ജവാന്മാർ വീരചരമം പ്രാപിച്ചെന്നായിരുന്നു വിവരം. എന്നാൽ ഏറ്റുമുട്ടലിന് മണിക്കൂറുകൾക്ക് ശേഷം നടന്ന പരിശോധനയിൽ 17 ജവാന്മാരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ ആകെ 22 പേരാണ് വീരചരമമടഞ്ഞതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മാവോയിസ്റ്റുകൾ പരിശീലനം നടത്തുന്ന സൂചന നൽകി ജവാന്മാരെ ബീജപൂരിലേക്ക് വരുത്തി കെണിയിൽ പെടുത്തിയതാണെന്നാണ് കരുതുന്നത്. വീരമൃത്യു വരിച്ചവരിൽ എട്ടുപേർ സി.ആർ.പി.എഫ് കോബ്ര കമാന്റോകളാണ്, ഒരാൾ ബസ്താരിയ ബറ്റാലിയൻ അംഗമാണ്, എട്ടുപേർ ഡി.ആർ.ജി അംഗങ്ങളും അഞ്ചുപേർ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങളുമാണ്. ഒരു സിആർ.പി.എഫ് ഇൻസ്പെക്ടറെ ഇപ്പോഴും കണ്ടുകിട്ടാനുണ്ട്.ഇയാൾ മാവോയിസ്റ്റ് തടങ്കലിലുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.
ജവാന്മാർ നടത്തിയ പ്രത്യാക്രമണത്തിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.വലിയ മരങ്ങൾക്ക് പിന്നിൽ ഒളിച്ചാണ് ജവാന്മാർ പ്രത്യാക്രമണം നടത്തിയത്. കൈയിലെ വെടിക്കോപ്പ് തീരുംവരെ മാവോയിസ്റ്റുകൾ വെടിവയ്പ്പ് നടത്തി. സ്ഥലത്തെ വലിയ മരങ്ങളിലെല്ലാം നിറയെ വെടികൊണ്ട പാടുകളുണ്ട്. ജവാന്മാർ കരുതിയിരുന്ന രണ്ട് ഡസനോളം അത്യാധുനിക ആയുധങ്ങൾ മാവോയിസ്റ്റുകൾ തട്ടിയെടുത്തു.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിച്ച സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിംഗ് മറയില്ലാത്ത സ്ഥലത്തെ പെട്ടെന്നുളള ആക്രമണത്തിൽ ജവാന്മാർ ഒന്ന് അമ്പരന്നുപോയതായി അറിയിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ആദ്യം അഞ്ച് പേർ വീരമൃത്യു വരിച്ചെന്നാണ് അറിഞ്ഞത്. എന്നാൽ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ആക്രമണം അവസാനിച്ച ശേഷമാണ് ആകെ 22 പേരാണ് വീരമൃത്യു വരിച്ചതെന്ന് മനസിലായത്.
31 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കൊണ്ടുപോകാൻ ഹെലികോപ്റ്റർ ലാൻഡിംഗിന് സാധിച്ചത് വൈകിട്ട് അഞ്ചിന് ശേഷമാണ്. ഛത്തീസ്ഗഢിലെ ബീജാപൂർ-സുഖ്മ ജില്ല അതിർത്തിയിലെ തരേമിൽ നക്സൽ കമാൻഡർ മാഡ്വി ഹിദ്മ ഉൾപ്പടെ നക്സലുകൾ പരിശീലനം നടത്തുന്നു എന്ന അറിവിനെ തുടർന്നാണ് സേന പരിശോധനക്കെത്തിയത്.
ദന്തേവാടയിൽ 2010ൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 76 സിആർപിഎഫ് ജവാന്മാർ മരണമടഞ്ഞ സംഭവത്തിന് പിന്നിലെ പ്രധാന കാരണക്കാരിൽ ഒരാളാണ് മാഡ്വി ഹിദ്മ. ഇയാളുടെ തലയ്ക്ക് 40 ലക്ഷംരൂപയാണ് വിലയിട്ടിരിക്കുന്നത്. മുന്നൂറോളം മാവോയിസ്റ്റുകൾ ഒളിച്ചിരുന്ന സ്ഥലത്തിന് നടുവിലേക്ക് ജവാന്മാർ എത്തിയപ്പോഴാണ് ദന്തേവാട ആക്രമണമുണ്ടായത്.