പെരിയ ഇരട്ടക്കൊലകേസ്; സിബിഐ വരാതിരിക്കാൻ സർക്കാർ അഭിഭാഷകർക്ക് കൊടുത്തത് 88 ലക്ഷം

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസന്വേഷണം സി ബി ഐയ്ക്ക് വിട്ട വിധിക്കെതിരെ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്താൻ പിണറായി സർക്കാർ ചിലവാക്കിയത് 90 ലക്ഷം രൂപ. ബാബുജി ഈശോയാണ് വിവരാവകാശ രേഖ പുറത്തുവിട്ടത്.

വിവരാവകാശ രേഖകൾ പ്രകാരം വിവിധ ഘട്ടങ്ങളിൽ ഹാജരായ മൂന്ന് അഭിഭാഷകർക്ക് മാത്രം 88 ലക്ഷം രൂപ നൽകി.മനീന്ദർ സിംഗ് എന്ന അഭിഭാഷകന് 60 ലക്ഷം നൽകി. നാലു ദിവസങ്ങളിലായി അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും ചിലവാക്കി.

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കൾ നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതി കേസ് സി ബി ഐക്ക് വിട്ടത്. 2019 ഫെബ്രുവരി 17നായിരുന്നു കാസർകോട് കല്യോട്ട് വച്ച്‌ ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.