വാഷിംഗ്ടൺ: യുഎസ് കാപ്പിറ്റോളിലെ സുരക്ഷാ ബാരിക്കേടിലേയ്ക്ക് കാർ ഇടിച്ചുകയറിയുണ്ടായ ആക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസുകാരന് പരുക്കേറ്റു. യുഎസ് കാപ്പിറ്റോൾ മന്ദിരം അടച്ചു. പ്രദേശത്ത് ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തി. ആക്രമണത്തിൽ ദുഖം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
കാറിൽ നിന്ന് കത്തിയുമായി പുറത്തേക്കിറങ്ങിയ അക്രമിയെ പൊലീസ് തൽക്ഷണം വെടിവെച്ചുകൊന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമണത്തിന് പിന്നിൽ ഭീകര സംഘടനകളുടെ പങ്കുള്ളതായി കരുതുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പതിനെട്ട് വർഷമായി കാപ്പിറ്റോൾ പൊലീസിന്റെ ഭാഗമായിരുന്ന വില്യം ബില്ലി ഇവാൻസ് എന്ന പൊലീസുകാരനാണ് മരിച്ചത്.
കൊല്ലപ്പെട്ട പൊലീസുകാരനോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലെ യു.എസ് പതാക പകുതി താഴ്ത്താനും പ്രസിഡന്റ് ഉത്തരവിട്ടു. ഇന്നലെയാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജനുവരിയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരായ പ്രതിഷേധത്തിന് ഒടുവിൽ നടന്ന ക്യാപിറ്റോൾ കലാപത്തിൽ ഒരു പൊലീസുകാരനടക്കം 5 പേർ കൊല്ലപ്പെട്ടിരുന്നു.