വിവാഹത്തിലൂടെയുള്ള നിർബന്ധിത മതംമാറ്റം കുറ്റകരം; ഗുജറാത്ത് നിയമം നിലവിൽ വന്നു

അഹമ്മദാബാദ്: വിവാഹത്തിലൂടെയുള്ള നിർബന്ധിത മതംമാറ്റം കുറ്റകരമാണെന്ന് ഗുജറാത്ത്. ഇതിനെതിരെ ​ഗുജറാത്ത് നിമസഭ ഭേദഗതി ബിൽ പാസാക്കി. ബലംപ്രയോഗിച്ചോ പ്രലോഭിപ്പിച്ചോ മതപരിവർത്തനം നടത്തുന്നത് തടയുന്ന 2003 ലെ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും നിയമം നേരത്തെ നടപ്പാക്കിയിരുന്നു.

വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലുള്ള വഞ്ചനയിലൂടെയോ നിർബന്ധിത മതംമാറ്റം നടത്തിയാൽ പരമാവധി അഞ്ചുലക്ഷം രൂപ പിഴയും പത്തു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് നിയമഭേദഗതിയിൽ വ്യക്തമാക്കി. ഒരു ദിവസത്തെ ചർച്ചയ്ക്കു ശേഷമാണ് നിയമസഭയിൽ ബിൽ പാസ്സാക്കിയത്. മതപരിവർത്തനം എന്ന് ആരോപിച്ച്‌ ലൗജിഹാദ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പ്രദീപ് സിംഗ് ജഡേജ പറഞ്ഞു. എന്നാൽ കോൺഗ്രസ് ഇതിനെതിരെ പ്രതിഷേധിച്ചു.

ഭേദഗതി അനുസരിച്ച്‌ വിവാഹത്തിലൂടെയുള്ള മതപരിവർത്തനം, അല്ലെങ്കിൽ മതംമാറ്റത്തിനുവേണ്ടി ഒരു വ്യക്തിയെ വിവാഹം ചെയ്യുക, ഇത്തരത്തിൽ വിവാഹം ചെയ്യാൻ മറ്റൊരു വ്യക്തിയെ സഹായിക്കുക ഇവയെല്ലാം കുറ്റകരമാണ്. മൂന്നുമുതൽ അഞ്ചു വർഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.

ഇരകൾ പ്രായപൂർത്തിയാകാത്തവരോ സ്ത്രീകളോ പട്ടികജാതി, പട്ടിക വർഗക്കാരോ ആണെങ്കിൽ ശിക്ഷ നാലുമുതൽ ഏഴുവർഷം വരെയാകും. ഏതെങ്കിലും സംഘടനാ ഭാരവാഹികളാണ് ഇതിന് നേതൃത്വം നൽകുന്നതെങ്കിൽ ശിക്ഷ 10 വർഷവരെ തടവും അഞ്ചുലക്ഷം വരെ പിഴയും ലഭിക്കാം.