തിരുവനന്തപുരം: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷൻ ട്വിൻസ്’ ( www.operationtwins.com) എന്ന വെബ്സൈറ്റ് വഴിയാണ് ഇക്കാര്യങ്ങൾ പുറത്ത് വിട്ടത്.
ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐ ഡിയിലും ചേര്‍ത്ത വോട്ട് വിവരങ്ങളുമാണ് വെബ്സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐ ഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളില്‍ ഉള്ള വോട്ടിന്റെ ഐ ഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐ ഡി നമ്പർ, വിലാസം എന്നീ വിവരങ്ങളാണ് ഈ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്.
വെബ്സൈറ്റിലെ ഈ വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുമെന്നാണ് കെപിസിസി അധികൃതർ അറിയിച്ചത്. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്ഡേഷനുകളില്‍ ഉണ്ടാകുമെന്നും, തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്സൈറ്റില്‍ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.