കനത്ത സുരക്ഷയിൽ ബംഗാളില്‍ പോളിങ് പുരോഗമിക്കുന്നു; നന്ദിഗ്രാമില്‍ 144 പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: ബംഗാളിലെയും അസമിലെയും രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ബംഗാളിലെ 30, അസമിലെ 39 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ആദ്യഘട്ട വോട്ടെടുപ്പിനിടയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബംഗാളിലെ ബാങ്കുര, പടിഞ്ഞാറന്‍ മിഡ്നാപുര്‍, കിഴക്കന്‍ മിഡ്നാപുര്‍, സൗത്ത് 24 പര്‍ഗനാസ് ജില്ലകളിലെ 30സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ക്രമസമാധാനം ലക്ഷ്യമിട്ട് 144 പ്രകാരം നന്ദിഗ്രാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.ആദിവാസി മേഖലയില്‍നിന്ന് തിരഞ്ഞെടുപ്പ് ആവേശം തെക്കന്‍ ബംഗാളിലേക്കു നീങ്ങുകയാണ്. 171 സ്ഥാനാര്‍ഥികളാണുള്ളത്. 75,94,549 വോട്ടര്‍മാരും 10,620 പോളിങ് സ്റ്റേഷനുകളുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും മുഴുവന്‍ സീറ്റുകളിലും മല്‍സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 9, സിപിഎം 15, സിപിഐ 2 സീറ്റുകളിലാണ് മത്സരിക്കുന്നത്. മമത ബാനര്‍ജിയും സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലേക്കാണ് എല്ലാ കണ്ണുകളും.

വീല്‍ചെയറിലെത്തി മമതയും കേന്ദ്ര നേതാക്കളെ ഇറക്കി ബിജെപിയും പ്രചാരണം കൊഴുപ്പിച്ചിരുന്നു. ടിഎംസി ടിക്കറ്റില്‍ മല്‍സരിക്കുന്ന ബംഗാളി നടി സയന്തിക ബാനര്‍ജി ബാങ്കുരയില്‍ ബിജെപി നേതാവ് നിലാദ്രി ശേഖറിനെ നേരിടുന്നു. ദേബ്രയില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ഭാരതി ഘോഷും ഹുമയുണ്‍ കബീറും തമ്മിലാണു മല്‍സരം.

651 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിച്ചുണ്ട്. അസമില്‍ 13 ജില്ലകളിലെ 39 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നു. നാല് മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും അടക്കം 345 സ്ഥാനാര്‍ഥികള്‍.

ഗോത്രമേഖലയും ബംഗാളി സംസാരിക്കുന്ന പ്രദേശങ്ങളുമാണ് വിധിയെഴുതുന്നത്. അതിശക്തമായ സുരക്ഷയാണ് നടപ്പാക്കിയിരിക്കുന്നത്. 22 കമ്ബനി കേന്ദ്രസേന യെയാണ് വിന്യസിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പോലീസ് സേനാ വിഭാഗത്തിനൊപ്പം എല്ലായിടത്തും കേന്ദ്രസേനാംഗങ്ങള്‍ നിലയുറപ്പിച്ചി രിക്കുകയാണ്.