നടപടികൾ കടുപ്പിച്ച് കസ്റ്റംസ് ; സ്‌പീക്കർക്ക് വീണ്ടും നോട്ടീസ് നൽകി; വിനോദിനിക്കെതിരായ നടപടിയെപ്പറ്റി കസ്റ്റംസ്‌ നിയമോപദേശം തേടി

കൊച്ചി: ഡോളർകടത്ത്‌ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് ഏപ്രിൽ എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകി. കേസിൽ നേരത്തെയും സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ഹാജരായിരുന്നില്ല.

അതിനിടെ, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഐഫോൺ സംബന്ധിച്ച കാര്യത്തിൽ കസ്റ്റംസ് സംഘം നിയമോപദേശം തേടി. ഐഫോൺ ഉപയോഗിച്ചത് സംബന്ധിച്ച ചോദ്യംചെയ്യലിന് ഹാജരാകാൻ മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും വിനോദിനി ഹാജരായിരുന്നില്ല. തുടർന്നാണ് ഇക്കാര്യത്തിൽ ഇനിയെന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് കസ്റ്റംസ് സംഘം നിയമോപദേശം തേടിയത്.

സാധാരണ ഗതിയിൽ മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ കോടതിയിൽനിന്ന് വാറന്റ് വാങ്ങി അടുത്ത നടപടികളിലേക്ക് കടക്കുകയാണ് പതിവ്. ഇതിന് മുന്നോടിയായാണ് കസ്റ്റംസ് നിയമോപദേശം തേടിയിരിക്കുന്നത്.

അതേസമയം, വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോൺ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. വിനോദിനി ബാലകൃഷ്ണൻ ഡിജിപിക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

കവടിയാറിലെ കടയിൽനിന്നാണ് വിനോദിനി ഫോൺ വാങ്ങിയത്. സ്റ്റാച്യു ജങ്ഷനിലെ കടയിൽനിന്നാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയത്. ഈ രണ്ട് ഫോണുകളും റീട്ടെയിൽ കച്ചവടക്കാർക്ക് വിറ്റത് സ്‌പെൻസർ ജങ്ഷനിലെ ഹോൾസെയിൽ ഡീലറാണ്.

രണ്ട് ഫോണുകളും അടുത്തടുത്ത ദിവസങ്ങളിലായാണ് വിറ്റത്. അതിനാൽ കസ്റ്റംസ് സംഘം ഹോൾസെയിൽ ഡീലറിൽനിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ സംഭവിച്ച ആശയക്കുഴപ്പമാകാം വിനോദിനിയുടെ ഫോണും സന്തോഷ് ഈപ്പൻ നൽകിയതാണെന്ന വാദത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.