മോദിയുടെ പരിപാടിക്ക് സ്ഥലം അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജെപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഏപ്രിൽ 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്താനിരിക്കെ പരിപാടി നടത്താൻ സ്ഥലം അനുവദിക്കാതെ സംസ്ഥാന സർക്കാർ തടസം നിൽക്കുന്നുവെന്ന് ബിജെപിയുടെ പരാതി. നഗരത്തിലെ സ്റ്റേഡിയങ്ങൾ അനുവദിച്ചില്ല. അനുവദിക്കുന്ന കാര്യത്തിൽ അവസാനതീരുമാനം പറയാതെ കാലതാമസം വരുത്തി എന്നാണ് ബിജെപിയുടെ പരാതി.

കോന്നിയിൽ പ്രധാനമന്ത്രിക്ക് ഹെലികോപ്ടറിൽ വന്നിറങ്ങാനുള്ള ഹെലിപ്പാട് നിർമിക്കുന്നതിൽ സംസ്ഥാന ഭരണകൂടം ആശയക്കുഴപ്പം സൃഷ്ടിച്ചതായും സംസ്ഥാന ജനറൽ സെക്രട്ടറി ജോർജു കുര്യൻ പറഞ്ഞു. ഒടുവിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താൻ ബിജെപി തീരുമാനിക്കുകയായിരുന്ന.
കോന്നിയിൽ ഹെലിപ്പാട് നിർമിക്കാൻ പാർട്ടി പണം നൽകണമെന്ന് സംസ്ഥാനം നിർബന്ധം പിടിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്നതിന് സുരക്ഷാവിഷയങ്ങൾ മുൻനിർത്തി പ്രധാനമന്ത്രിക്കുമാത്രം ചില ഇളവുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുണ്ട്. ആ മാനദണ്ഡങ്ങൾ പാലിക്കാനോ പിന്തുടരാനോ സംസ്ഥാനസർക്കാർ തയാറായില്ല. ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടാണ് ഹെലിപ്പാട് നിർമാണത്തിന് അനുമതി നൽകിയത്.

തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കാനുള്ള ഗ്രൗണ്ട് ഏതാണെന്ന് നിർണയിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തി. സെൻട്രൽ സ്റ്റേഡിയം തരില്ലെന്ന നിലപാടായിരുന്നു സംസ്ഥാനസർക്കാരിന്. ശംഖുമുഖത്ത് സുരക്ഷാ അനുമതി ലഭിച്ചില്ല. പുത്തരിക്കണ്ടം മൈതാനമാകട്ടെ മാലിന്യക്കൂമ്പാരമായിരിക്കുകയാണ്. ഒരു ഘട്ടത്തിൽ പരിപാടി മാറ്റി പ്രധാനമന്ത്രിയുടെ റോഡ്‌ഷോ നടത്താമെന്നു വരെ പാർട്ടി ചിന്തിച്ചു. ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടിട്ടാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം അനുദിച്ചത്.

ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത നിലപാടാണ് സംസ്ഥാന ഭരണകൂടം സ്വീകരിച്ചത്. ഇത്തരം ചെപ്പടി വിദ്യകൊണ്ടൊന്നും ബിജെപിയുടെ വിജയം തടയാനാകില്ലെന്ന് ത്രിപുരയിലെയും ബംഗാളിലെയും അനുഭവം മുൻനിർത്തി സിപിഎം ഓർമിക്കണമെന്നും ജോർജ് കുര്യൻ പറഞ്ഞു.