മ​ഹ്​​ബൂ​ബ മു​ഫ്​​തി​യുടെ മാതാവിന്റെ പാ​സ്​​പോ​ർ​ട്ട്​​ അപേക്ഷയും തള്ളി

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പിഡിപി നേ​താ​വു​മാ​യ മ​ഹ്​​ബൂ​ബ മു​ഫ്​​തി​യുടെ മാതാവിന്റെ പാ​സ്​​പോ​ർ​ട്ട്​​ അപേക്ഷയും തള്ളി. പൊ​ലീ​സ്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മുൻ കേന്ദ്രമന്ത്രിയും രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്ന മുഫ്​തി മുഹമ്മദ്​ സഈദി​ന്റെ പത്​നിയായ ഗുൽഷൻ നാസിറി​ന്റെ അപേക്ഷ നി​ര​സി​ച്ച​ത്.

പാസ്​പോർട്ട്​ ആക്​ടിലെ 6(2) (സി) വകുപ്പ്​ പ്രകാരം ഗുൽഷന്റെ അപേക്ഷക്ക്​ ജമ്മു-കശ്​മീർ പൊലീസിന്റെ സിഐഡി വകുപ്പ്​ അനുമതി നൽകിയില്ലെന്നാണ്​ റീജനൽ പാസ്​പോർട്ട്​ ഓഫിസിൽനിന്നു ലഭിച്ച അറിയിപ്പ്​. ഇന്ത്യക്കു​പുറത്ത്​ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ടെന്ന്​ അധികൃതർക്ക്​ തോന്നിയാൽ ഈ വകുപ്പു​ പ്രകാരം പാസ്​പോർട്ട്​ നിഷേധിക്കാമെന്നു പറയുന്നു.

70 കഴിഞ്ഞ എന്റെ മാതാവ്​ രാജ്യസുരക്ഷയ്ക്ക്​ ഭീഷണിയാണെന്നാണ്​ സിഐഡി പറയുന്നത്​. അതിനാൽ, അവർ പാസ്​പോർട്ടിന്​ അർഹയല്ലത്രെ. തങ്ങൾ പറയുന്നത്​ അനുസരിക്കാത്തതിനാൽ ഹീനമായ മാർഗങ്ങളിലൂടെ പീഡിപ്പിക്കുകയാണ്​ കേന്ദ്ര സർക്കാർ’ -മഹ്​ബൂബ മുഫ്​തി ട്വീറ്റ്​ ചെയ്​തു.

പുതിയ പാസ്​പോർട്ടിനുള്ള ​മഹ്​ബൂബയുടെ അപേക്ഷയും ​കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സിഐഡിഎഡിജിപി ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​​ പ്ര​കാ​രം പാ​സ്​​പോ​ർ​ട്ട്​​ നി​ര​സി​ക്കു​ന്നു എ​ന്നാ​ണ്​ അ​വ​ർ​ക്ക്​ അ​റി​യി​പ്പ്​​ ല​ഭി​ച്ച​ത്. ഇതിനെതിരെ മ​ഹ്​​ബൂ​ബ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി വി​സ​മ്മ​തി​ക്കുകയായിരുന്നു.

ഹർ​ജി​ക്കാ​രി​ക്ക്​ പാ​സ്​​പോ​ർ​ട്ട്​​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ക്കാ​ൻ കോ​ട​തി​ക്ക്​ സാ​ധി​ക്കി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി മ​ഹ്​​ബൂ​ബ​യു​ടെ ഹ​ര​ജി ത​ള്ളി. തുടർന്ന്​, മു​ൻ മു​ഖ്യ​മ​ന്ത്രി പാ​സ്​​പോ​ർ​ട്ട്​ കൈ​വ​ശം​വെ​ക്കു​ന്ന​ത്​ രാ​ജ്യ​ത്തിന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്​ ഭീ​ഷ​ണി​യാ​വു​ന്ന ത​ര​ത്തി​ലു​ള്ള ‘സാ​ധാ​ര​ണ നി​ല​യാ​ണ്​ ക​ശ്​​മീ​രി​ൽ ഇ​പ്പോ​ഴു​ള്ള​തെ​ന്ന്’​ മ​ഹ്​​ബൂ​ബ ട്വീ​റ്റ്​ ചെ​യ്​​തിരുന്നു.