കൊച്ചി: സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചെന്ന ക്രൈംബ്രാഞ്ച് കേസില്‍ തിടുക്കത്തില്‍ സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് സിബിഐ അന്വേഷണത്തിന് തടയിടാനെന്ന് സൂചന. ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഇഡി സമര്‍പ്പിച്ച ഹര്‍ജി ചൊവാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇരുഭാഗത്തും സുപ്രീംകോടതി അഭിഭാഷകരാണ് ഹാജരാകുന്നത്.
ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണത്തിനു സിബിഐ വേണമെന്നു ഇഡിആവശ്യപ്പെട്ടിട്ടുണ്ട്. അതു കോടതി അനുവദിക്കുമെന്ന പ്രതീക്ഷയിലാണു തിടുക്കത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നാണു വിലയിരുത്തല്‍. ഇതോടെ സിബിഐ അന്വേഷണത്തിനുള്ള സാധ്യത അടഞ്ഞു. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ (ഡി.ജി.പി.) നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണവും പിന്നീടു ജുഡിഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചത്.
ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷണവും തുടരാനാണു തീരുമാനം. അതിന്റെ ഭാഗമായി മൊഴി നല്കാന് തയാറായ മൂന്നു വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ രഹസ്യമൊഴി മജിസ്ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തും. നേരത്തെ ഒരു പോലീസുകാരിയുടെ മൊഴി എടുക്കാനായിരുന്നു നീക്കം. എന്നാല്‍ ഭാവിയില്‍ ആരെങ്കിലും മൊഴി മാറ്റിയാല്‍ ഉണ്ടാകുന്ന പ്രതിസന്ധി കണക്കിലെടുത്താണു എല്ലാവരുടേയും മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് പ്രതി സ്വപ്ന സുരേഷിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്ബന്ധിക്കുന്നതിനു സാക്ഷികളാണെന്നു മൂന്നു പോലീസുകാരികള്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ ഇ.ഡി. നല്കിയ രേഖകള്‍ ക്രൈംബ്രാഞ്ച് ആരോപണത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി നിലപാട് എതിരായാല്‍ ക്രൈംബ്രാഞ്ചും വെട്ടിലാകും. ഇതു തിരിച്ചറിഞ്ഞാണ് പോലീസുകാരികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
ഇക്കാര്യത്തിൽ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കും. അന്വേഷണം പുരോഗമിക്കുന്നതിനാല്‍, എഫ്ഐആര്‍ റദ്ദാക്കരുതെന്നും സ്റ്റേ ചെയ്യരുതെന്നും ആവശ്യപ്പെടും. അസേമയം, ക്രൈംബ്രാഞ്ച് എഫ്ഐആറിലെ തീയതികളിലെ പൊരുത്തക്കേടുകള്‍ ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്വപ്നാ സുരേഷിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോള്‍ സംസ്ഥാന പോലീസിലെ വനിതാ ഓഫീസറുടെ സാന്നിധ്യം ഇല്ലായിരുന്നെന്നുവെന്നു വ്യക്തമാക്കുന്ന വിശദാംശങ്ങളാണു ഇ.ഡി. ഹൈക്കോടതിയില്‍ നല്‍കിയത്.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴിയും നല്‍കിയിട്ടുണ്ട്. ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചാല്‍ ക്രൈംബ്രാഞ്ച് പ്രതിക്കൂട്ടിലാകും.
തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ മാറിയാല്‍ പോലീസുകാരികള്‍ മൊഴി മാറ്റിയേക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. ഇതാണു മജിസ്ട്രേട്ടിനു മുന്നില്‍ മൊഴിയെടുപ്പിക്കാന്‍ ക്രൈംബ്രാഞ്ച് പ്രേരിപ്പിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥന് ചോദിച്ച ചോദ്യങ്ങളില്‍ കൂടുതലും സ്വപ്നയെ ഫോഴ്സ് ചെയ്തു മുഖ്യമന്ത്രിയുടെ പേരു പറയിക്കുന്ന തരത്തില്‍ ഉള്ളതായിരുന്നു എന്നാണു സ്വപ്നയുടെ ബോഡി ഗാര്‍ഡായി ഡ്യൂട്ടിചെയ്ത വനിതാ പോലീസുകാര്‍ ക്രൈംബ്രാഞ്ചിനു മൊഴി. ഈ മൊഴിയാണ് ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസിനു കാരണം