തിരുവനന്തപുരം: കേരളത്തിലെ മയക്കുമരുന്ന് കടത്തു നിയന്ത്രിക്കുന്നത് തിരുവനന്തപുരം സെൻട്രൽ ജയിലിലെ മയക്കുമരുന്ന് മാഫിയയെന്ന് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ സംയുക്ത അന്വേഷണത്തിനായി എക്സൈസ് ജയിൽ അധികൃതർക്ക് കത്തു നൽകി. ക്രിമിനൽ കേസിൽ ജയിലിലായിരുന്ന യുവാവിനെ ഹാഷിഷ് ഓയിലുമായി പിടികൂടിയതോടെയാണ് മയക്കുമരുന്നു കടത്തിന്റെ കണ്ണികളെ പുറംലോകം അറിയുന്നത്.
മയക്കു മരുന്ന് കടത്താൻ ഇയാളെ സഹായിക്കുന്നത് ജയിലിൽ കഴിയുന്നയാളുടെ ഭാര്യ. ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. 607 ഗ്രാം ഹാഷിഷ് ഓയിലുമായി തിരുവനന്തപുരം വേങ്കറ സ്വദേശി ഭരത് കുമാറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ബൈക്കിൽ മയക്കുമരുന്നുമായി പോകവെ വേങ്കറ ഭാഗത്തു നിന്നുമായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. കൊലക്കേസ് ഉൾപ്പടെ 14 ക്രിമിനൽ കേസുകളിലെ പ്രതിയായ ഭരത് കുമാർ ജയിലിൽ കഴിയുമ്പോഴാണ് മയക്കുമരുന്ന് മാഫിയായുമായി ബന്ധമുണ്ടാകുന്നത്. ഇവരുടെ നിർദേശപ്രകാരമാണ് മയക്കുമരുന്ന് കടത്തിയത്.
മയക്കുമരുന്ന് കേസിൽ പിടിയിലായി ജയിലിൽ കഴിയുന്ന ഇടുക്കി കൊന്നത്തടി സ്വദേശി മെൽബിന്റെ ഭാര്യ നിഷയാണ് ഇടനിലക്കാരിയായി സഹായിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് നിഷയെയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ ജയിൽ പരിധിയിലുള്ള ടവർ ലൊക്കേഷനിൽ നിന്ന് നിരന്തരം കോളുകൾ വന്നതായി കണ്ടെത്തി. തുടർന്ന് തുടരന്വേഷണത്തിനായി ജയിൽ അധികൃതർക്ക് ഔദ്യോഗികമായി എക്സൈസ് കത്തു നൽകുകയായിരുന്നു.
ഇടുക്കി സ്വദേശിയായ മറ്റൊരു വ്യക്തിയാണ് മയക്കുമരുന്നുകടത്തിന്റെ ആസൂത്രകനെന്നാണ് എക്‌സൈസ് സംശയിക്കുന്നത്. കേരളത്തിൽ എവിടെയും മയക്കുമരുന്ന് എത്തിക്കുന്നത് ഇയാളാണ്. ഒളിവിൽ കഴിയുന്ന ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നതായി നിഷ മൊഴി നിൽകിയിട്ടുണ്ട്.
അതേസമയം, ജയിൽ അധികൃതർ അറിയാതെ മെൽബിൻ ഉൾപ്പടെയുള്ളവർ എങ്ങനെ ജയിലിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്നുള്ളതിൽ ദുരൂഹത ഉയരുന്നുണ്ട്. ഭരത്കുമാറിന്റെയും നിഷയുടെയും ഫോണുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് എക്സൈസിൻ്റെ കണക്കുകൂട്ടൽ.