വാഷിംഗ്ടണ്‍: ആഗോള കാലാവസ്ഥ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ 40 ലോകനേതാക്കളെ ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ശക്തമായ കാലാവസ്ഥ നടപടിയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
രണ്ട് ദിവസത്തെ ഉച്ചകോടി ഏപ്രിൽ 22 മുതൽ 23 വരെ വെർച്വലായാണ് നടത്തുന്നത്. ഇത് നവംബറിൽ നടക്കുന്ന യുഎൻ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്നും ബൈഡൻ പറഞ്ഞു.
മോദിക്കു പുറമേ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളദമീർ പുടിൻ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റീൻ ട്രൂഡോ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് സൗദ്, ബ്രട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സ് തുടങ്ങിയവരെയും ബൈഡൻ ഉച്ചകോടിയിലേക്ക് ക്ഷണിച്ചു.