മഹാരാഷ്ട്രയിൽ പ്രതിദിനം ആയിരം പേര്‍ വീതം കൊറോണ ബാധിച്ച് മരിക്കാൻ സാധ്യത; ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്

മുംബൈ: അടുത്ത ആഴ്ചകളിൽ പ്രതിദിനം ശരാശരി ആയിരം പേര്‍ വീതം കൊറോണ ബാധിച്ച് മരിച്ചേക്കാമെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാകും. അടുത്ത രണ്ടാഴ്ചക്കിടെ പ്രതിദിനം ശരാശരി ആയിരം പേര്‍ വീതം കൊറോണ ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. കൊറോണ വ്യാപനം തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

നിലവില്‍ രാജ്യത്ത് കൊറോണ വ്യാപനം ഏറ്റവും രൂക്ഷമായി നേരിടുന്നത് മഹാരാഷ്ട്രയിലാണ്. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 30,000ലധികം കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്.

കേസുകളില്‍ പുനെ ജില്ലയാണ് മുന്നില്‍. പുനെയില്‍ 61,125 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നാഗ്പൂര്‍ (47,707), മുംബൈ( 32,927) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. പല ജില്ലകളിലും ചികിത്സാസൗകര്യങ്ങളുടെ കുറവുണ്ട്. കൊറോണ വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത 11 ദിവസത്തിനിടെ മരണസംഖ്യ 64,000 കടന്നേക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ആഴ്ചയില്‍ ശരാശരി ഒരു ശതമാനം എന്ന കണക്കിന് ഉയരുന്ന വൈറസ് ബാധയെ അടിസ്ഥാനമാക്കിയാണ് ആരോഗ്യവകുപ്പിന്റെ പ്രവചനം. മരണനിരക്കായ 2.27 ശതമാനത്തെ അടിസ്ഥാനമാക്കിയാല്‍ മരണസംഖ്യ 64,000 കടക്കാം. നിലവില്‍ കൊറോണ കേസുകള്‍ 28 ലക്ഷം കടന്നിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടല്‍.

ഇതിനെ തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. മോശം സാഹചര്യത്തെ നേരിടാന്‍ കൂടുതല്‍ ബെഡ്ഡുകളും ഓക്‌സിജന്‍ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.