ഫാസ്റ്റ്ടാഗില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പ്രതിദിന ടോള്‍ വരുമാനം; 100 കോടി

ന്യൂഡെൽഹി : കേന്ദ്ര സര്‍ക്കാരിന് ദിനംപ്രതി ഫാസ്റ്റ്ടാഗില്‍ നിന്ന് വരുമാനമായി ടോള്‍ ഇനത്തില്‍ ലഭിക്കുന്നത് 100 കോടി രൂപ. രാജ്യസഭയില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് ഒന്ന് മുതല്‍ 16 വരെയുള്ള കണക്കുപ്രകാരം ദിവസവും 100 കോടി രൂപയിലധികം ടോള്‍ പിരിഞ്ഞു കിട്ടുന്നുണ്ടെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു.

വാഹനങ്ങളില്‍ ഫെബ്രുവരി 15 മുതല്‍ തന്നെ ഫാസ്‌ടാഗ് നിര്‍ബന്ധമാക്കിയിരുന്നു.ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ ഇരട്ടി തുക നല്‍കണം.പുതിയ നിയമം നിലവിൽ വന്ന ശേഷം ഫാസ്റ്റ് ടാഗ് വഴിയുള്ള ഇടപാടുകൾ 90 ശതമാനം ഉയർന്നെന്ന് റിപ്പോർട്ട് പറയുന്നു.

മുമ്പ് 60 മുതൽ 70 ശതമാനം വരെ മാത്രമേ ഫാസ്റ്റ്ടാഗ് വഴി നടന്നിരുന്നുള്ളൂ. സ്കാനുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ വാഹനങ്ങളെ സൗജന്യമായി കടത്തി വിടണമെന്നും ടോൾപ്ലാസകൾക്ക് നിർദ്ദേശം. ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ച് മൂന്നു സെക്കന്റുകൊണ്ട് പണമടച്ച് വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ കടക്കാം.

എന്നാല്‍ ഫാസ്ടാഗ് ഐഡി റീഡിംഗിലെ പ്രശ്‌നങ്ങളും സാങ്കേതിക തകരാറുകള്‍ക്കും ഒപ്പം അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതികളും ഉണ്ട്. ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയെങ്കിലും ഈ സംവിധാനത്തിലേക്ക് മാറാത്തവര്‍ ഇപ്പോഴും നിരവധിയാണ്.