ന്യൂഡെല്‍ഹി : ചൂടുകൂടി വരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ സുഖയാത്ര എന്ന ലക്ഷ്യത്തോടെ ട്രെയിനുകളില്‍ നിന്ന് സ്ലീപ്പര്‍ ക്ലാസ്സുകള്‍ ഒഴിവാക്കി പകരം നിരക്ക് കുറഞ്ഞ തേഡ് എ സി ക്ലാസ്സുകള്‍ വരുന്നു. മാസങ്ങള്‍ക്കു മുമ്പുതന്നെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് എ സി ഇക്കണോമി ക്ലാസ് കോച്ച് റെയില്‍വേ പുറത്തിറക്കിയത്.
എ സി ഇക്കണോമി ക്ലാസിന്റെ പരീക്ഷണയോട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. ഏപ്രില്‍ അവസാനത്തോടെ ഇത്തരത്തിലുള്ള 20 കോച്ചുകള്‍ സെന്‍ട്രല്‍ റെയില്‍വേക്ക് ലഭിക്കും. ഏറെ പ്രത്യേകതകളുമായാണ് പുതിയ എ സി കോച്ചുകളെത്തുന്നത്. 83 പേര്‍ക്ക് ഒരു കോച്ചില്‍ യാത്രചെയ്യാന്‍ കഴിയും. ഒരു വാതിലിലൂടെ വീല്‍ചെയര്‍ കയറ്റാനുള്ള സംവിധാനമുണ്ടാകും. ഒരു ശൗചാലയത്തിനും ഈ സൗകര്യമുണ്ടാകും.
പ്രത്യേക എ സി സംവിധാനം, മികച്ച സീറ്റുകളും ബര്‍ത്തുകളും ലഘുഭക്ഷണം കഴിക്കാന്‍ മടക്കിവെക്കാവുന്ന മേശ, മൊബൈല്‍ ഫോണും പുസ്തകങ്ങളും വെക്കാന്‍ സംവിധാനം, ഓരോ ബര്‍ത്തിലും പ്രത്യേകം ലൈറ്റുകള്‍, ചാര്‍ജിങ് പോയന്റുകള്‍ എന്നിവയുണ്ടാകും.
രാജധാനി, തുരന്തോ, ശതാബ്ദി, ജനശതാബ്ദി ട്രെയിനുകള്‍ ഒഴികെ മറ്റു തീവണ്ടികളിലാണ് നിരക്ക് കുറഞ്ഞ എ സി കോച്ചുകള്‍ ഘടിപ്പിക്കുക. പുതിയത് എല്‍ എച്ച് ബി കോച്ചുകളായതിനാല്‍ തത്കാലം ഈ കോച്ചുകളുമായി ഓടുന്ന തീവണ്ടികളിലെ സ്ലീപ്പര്‍ ക്ലാസുകളായിരിക്കും മാറ്റുക.